മുളിയാര്‍: ജില്ലാ കലക്ടറും ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുംസി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നത് അപഹാസ്യമാണെന്ന് മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. അബ്ദുല്‍ ഖാദര്‍ കുന്നില്‍, ജനറല്‍ സെക്രട്ടറി ഹംസ ചോയ്‌സ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
മുളിയാര്‍ പഞ്ചായത്തിലെ ബാവിക്കര കെ.കെ. പുറത്ത് മുഹമ്മദ് കുഞ്ഞി എന്ന വ്യക്തി ദാനം ചെയ്ത് സ്ഥലത്ത് സാംസ്‌കാരിക കേന്ദ്രത്തിന്റെ കെട്ടിട പ്രവര്‍ത്തി പൊതു ജനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ചിരിക്കുകയാണ്. തികച്ചും നിയമ വിധേയമായി ആരംഭിച്ച സംരഭത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന ചില തല്‍പരകക്ഷികളുടെ നീക്കത്തിന് സി.പി.എം നേതാക്കളാണ് ചൂട്ടു പിടിച്ചത്.
മേഖലയിലെ റിസര്‍വ്വ് വനത്തില്‍ നിന്ന് ഇതുവഴി വന്‍തോതില്‍ സി.പി.എം നേതാക്കളുടെ ഒത്താശയോടെ മരം മുറിച്ചു കടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് നാട്ടുകാര്‍ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്. സാംസ്‌കാരിക നിലയം വരുന്നതോടെ ഇത്തരം അവിഹിത ഏര്‍പ്പാടുകള്‍ തടസ്സപ്പെടുമെന്ന ഭയമാണ്
ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്ന് നേതാക്കള്‍ ആരോപിച്ചു.
രജിസ്‌ട്രേഷന്‍ നടത്തി കരം അടച്ചു എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് പണി ആരംഭിച്ചത് എന്നിരിക്കെ സി.പി.എം സമ്മര്‍ദ്ദത്തിന് വഴങ്ങി കെട്ടിടം പണി നിര്‍ത്തിവെക്കാനാവശ്യപ്പെട്ട അധികൃതര്‍ക്കെതിരെ നിയമ നടപടിയുമായി മുമ്പോട്ട് പോകും. മുളിയാറിലെ വലിയതോതിലുള്ള കൈയേറ്റവും അനധി കൃത നിര്‍മ്മാണവും തടയാന്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും തിരിഞ്ഞു നോക്കാത്ത റവന്യു അധികൃതര്‍ കമ്പിപ്പാരയും ആയുധങ്ങളുമായി നിര്‍മ്മാണം തടസ്‌പ്പെടുത്താനെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് സി.പി.എം. നിയന്ത്രണത്തിലുള്ള മാഫിയ ലോബിയെ തൃപ്തിപ്പെടുത്താനാണ്. സാംസ്‌കാരിക നിലയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത് എന്തിന്റെ പേരിലാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും രേഖാമൂലമുള്ള മറുപടി പാര്‍ട്ടി ആവശ്യപ്പെടുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.