ബന്തിയോട്: മള്ളങ്കൈയില്‍ ഹോട്ടലും നാല് കടകളും കുത്തിത്തുറന്ന് 13,000 രൂപയും സി.സി.ടി.വി ക്യാമറയുടെ രണ്ട് ഹാര്‍ഡ് ഡിസ്‌ക്കുകളും കവര്‍ന്നു. ചേരൂര്‍ സ്വദേശി അബ്ദുല്‍സലാമിന്റെ ഉടമസ്ഥതയില്‍ മള്ളങ്കൈയില്‍ പ്രവര്‍ത്തിക്കുന്ന തവ ഹോട്ടലിന്റെ മുന്‍ വശത്തെ വാതില്‍ വഴിയാണ് മോഷ്ടാവ് അകത്തുകടന്നത്. ഇവിടത്തെ സി.സി.ടി.വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ കവര്‍ന്നു. 12,000 രൂപയും മോഷണം പോയി. സമീപത്തെ വിജയയുടെ കടയുടെ വാതില്‍ തകര്‍ത്ത് 500 രൂപയും ശങ്കര്‍ഷെട്ടിയുടെ കടയില്‍ നിന്ന് 500 രൂപയും മോഷണം പോയി. തൊട്ടടുത്തുള്ള മുഹമ്മദ് ഷാഫി, ചന്ദ്രശേഖരന്‍ ഷെട്ടിഗാര്‍ എന്നിവരുടെ കടകളിലും മോഷണ ശ്രമം നടന്നു. മോഷ്ടാവിന്റേതെന്ന് കരുതുന്ന ഒരു മൊബൈല്‍ ഫോണ്‍ ഹോട്ടലില്‍ നിന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ സിം ഉണ്ടായിരുന്നില്ല. കുമ്പള പൊലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു.