ബോവിക്കാനം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് അപകടഭീഷണിയില്‍. ബോവിക്കാനം-മൊട്ടല്‍ തൂക്കുപാലം പാതയാണ് ഇരുവശം മണ്ണിടിഞ്ഞ് അപകട ഭീഷണിയിലായത്. ഒരു മാസം മുമ്പുണ്ടായ ശക്തമായ മഴയില്‍ റോഡരികില്‍ പലയിടങ്ങളിലായി മണ്ണിടിഞ്ഞ് വീണിരുന്നു.
നേരത്തേ മണ്ണിടിച്ചിലുണ്ടായ രണ്ട് ഭാഗങ്ങളിലും റോഡരികില്‍ വിള്ളല്‍ രൂപപ്പെട്ടിരിക്കുകയാണ്. ഈ ഭാഗങ്ങളും ഇടിയാനുള്ള സാധ്യതയും ഏറെയാണ്. മണ്ണിടിച്ചിലുണ്ടായ കുന്നിന്റെ താഴെ ഒരു വീടുണ്ട്. മണ്ണിടിച്ചിലുണ്ടായതോടെ വാഹന യാത്രക്കാര്‍ ഭീതിയോടെയാണ് പോകുന്നത്. അതിനു പുറമെ നേരത്തേ ഇടിഞ്ഞു വീണ മണ്ണ് റോഡില്‍ നിന്ന് നീക്കം ചെയ്യാതെ കിടക്കുകയാണ്.
റോഡിന്റെ പകുതിയോളം മണ്ണ് വീണ് കിടക്കുന്നതിനാല്‍ കയറ്റം കയറി വരുന്ന വാഹനങ്ങള്‍ അപകട ഭീഷണി നേരിടുകയാണ്. ഇരു ചക്രവാഹനങ്ങളും ഓട്ടോ റിക്ഷകളും ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി പോകുന്നത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് ദിവസങ്ങളായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
അരമനപടി, പന്നടുക്കം മൊട്ടല്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ബോവിക്കാനം ടൗണിലേക്ക് പോകാനുള്ള ഏക വഴി കൂടിയാണിത്.