കുറ്റിക്കോല്‍: നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ആശങ്കയുമായി മലയോര ജനത. പെയ്‌തൊഴിയാത്ത മഴയില്‍ മനസ് നീറിയാണ് ഓരോ ദിവസവും കര്‍ഷകര്‍ കഴിച്ചു കൂട്ടുന്നത്. രൂക്ഷമായ വേനല്‍ കാലത്തിന് ശമനമായി മഴയെ പ്രതീക്ഷിച്ചു നിന്ന കര്‍ഷകര്‍ പിന്നീട് മഴ ഒന്ന് തോരാന്‍ കാത്തു നിന്നു. അത്രമാത്രം ശക്തമായി ഇത്തവണത്തെ മഴ. ഇടതടവില്ലാതെ ശക്തമായി പെയ്യുന്ന മഴ കാര്‍ഷിക മേഖലയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. നെല്‍കൃഷിക്കാരെയും പച്ചക്കറി കൃഷിക്കാരെയും മഴ കണ്ണീരിലാഴ്ത്തി. പൊതുവെ പ്രയാസത്തിലായ കര്‍ഷകര്‍ക്ക് ഇരുട്ടടി പോലെയായി മഴ. കാര്‍ഷിക മേഖലയിലുണ്ടായ മാന്ദ്യം കച്ചവട സ്ഥാപനങ്ങളെയും സാരമായി ബാധിച്ചു. ഇനിയും മഴ തുടര്‍ന്നാല്‍ സാധാരണ ജനജീവിതത്തെ കാര്യമായി ബാധിക്കുമെന്ന ഭീതിയിലാണ് എല്ലാവരും.