ബി.എച്ച്. മുഹമ്മദ് ബദിയടുക്ക നമ്മെ വിട്ട് പിരിഞ്ഞ് രണ്ട് വര്‍ഷമാവുന്നു. 2017 സെപ്തംബര്‍ 13നാണ് സുഹൃത്തുക്കളെയും കുടുംബത്തെയും തീരാ ദു:ഖത്തിലാക്കി മുഹമ്മദ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. ബദിയടുക്ക സ്വദേശിയായ ബി.എച്ച്.മുഹമ്മദ് മംഗലാപുരത്തെ എ.ജെ. ഹോസ്പിറ്റലില്‍ പി.ആര്‍.ഒ.യായി സേവനം തുടങ്ങിയത് മുതല്‍ അദ്ദേഹം ആതുരസേവന രംഗത്തെ ഒരു പരസഹായിയായി മാറുകയായിരുന്നു. മാരകമായ അസുഖം പിടിപ്പെട്ടവരുടെയും വിദഗ്ധ ഡോക്ടര്‍മാരെ ആശ്രയിക്കേണ്ടി വരുന്നവരുടെയും ആശ്രയമായിരുന്നു മുഹമ്മദ്.
കേരളത്തിലെ പ്രധാന ആസ്പത്രികളിലും രാജ്യത്തെ പ്രശസ്തമായ ആസ്പത്രികളിലും ചികിത്സ തേടി പോകുന്നവരുടെ ധൈര്യവും അത്താണിയും മുഹമ്മദ് ബദിയടുക്കയായിരുന്നു. അദ്ദേഹത്തിന് രാജ്യത്തെ പ്രമുഖ ആസ്പത്രികളുമായും പ്രശസ്തരായ ഡോക്ടര്‍മാരുമായുള്ള അടുപ്പം സമാനതകളില്ലാത്തതായിരുന്നു. എത്ര വലിയ ഡോക്ടറുടെയും ഒരു അപ്പോയിന്റ്‌മെന്റ് ലഭിക്കണമെങ്കില്‍, പ്രധാനപ്പെട്ട ആസ്പത്രികളില്‍ ചികിത്സക്ക് വിധേയമാവണമെങ്കില്‍ മുഹമ്മദ് ബദിയടുക്കയുടെ സഹായം അനിവാര്യമായിരുന്നു.
കാസര്‍കോട് ജില്ലക്കാര്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പോലും സേവനത്തിന് ഒരു പാട് ആള്‍ക്കാര്‍ മുഹമ്മദിനെ തേടി കാസര്‍കോട് എത്തുമായിരുന്നു. കാന്‍സര്‍ രോഗികളുടെ അവസാനത്തെ അഭയ കേന്ദ്രമായിരുന്ന മുംബൈയിലെ റ്റാറ്റാ ഹോസ്പിറ്റലിലും ചെന്നൈ അപ്പോളോ ആസ്പത്രിയിലും കോയമ്പത്തൂരിലെ പ്രശസ്തമായ മെഡിക്കല്‍ കോളേജിലും ബംഗളൂരുവിലെ പ്രശസ്തമായ ഹാര്‍ട്ട് ഹോസ്പിറ്റലിലും മുഹമ്മദ് ബദിയടുക്കയുടെ സ്വാധീനം ഒന്ന് വേറെ തന്നെയായിരുന്നു. മരണത്തിന്റെ വക്കിലെത്തിയ രോഗികള്‍ പോലും പലപ്പോഴും മുഹമ്മദിനെ ആശ്രയിച്ചിരുന്നത് ആയുസ്സുണ്ടെങ്കില്‍ ജീവന്‍ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെയായിരുന്നു. പണക്കാരനും പാവപ്പെട്ടവനും സാധാരണക്കാരനും ഒരു പോലെ ഇഷ്ടപ്പെടുകയും സമീപിക്കുകയും ചെയതിരുന്ന മുഹമ്മദ് ഏത് പാതിരാ നേരത്തും സേവനത്തിനായി ഇറങ്ങി പുറപ്പെടുമായിരുന്നു.
ഞാന്‍ മുഹമ്മദിനെ കാണുന്നതും പരിചയപ്പെടുന്നതും എന്റെ ആത്മസുഹൃത്തും സഹപ്രവര്‍ത്തകനും മുസ്ലിം ലീഗ് നേതാവുമായിരുന്ന സഹോദരന്‍ ബി.എച്ച്. അബ്ദുല്ലക്കുഞ്ഞി മുഖാന്തിരമായിരുന്നു. തുടര്‍ന്ന് 2004 ഡിസംബര്‍ മാസം 18ന് എനിക്ക് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം മംഗളുര്‍ എ.ജെ. ആസ്പത്രിയില്‍ ചികിത്സ തേടിയപ്പോഴായിരുന്നു മുഹമ്മദുമായുള്ള എന്റെ ആത്മബന്ധം തുടങ്ങുന്നത്.
പരേതനായ കെ.എസ്. അബ്ദുല്ല സാഹിബിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിറ്റി ഗോള്‍ഡ് അബ്ദുല്‍ കരീം ബദിയടുക്കയില്‍ പോയി മുഹമ്മദിനെ മംഗലാപുരത്തേക്ക് കൂട്ടികൊണ്ട് വരികയായിരുന്നു. എ.ജെ. ആസ്പത്രിയിലും തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയിലുമായി ഞാന്‍ മാസങ്ങളോളം ചികിത്സ തേടിയപ്പോള്‍ മുഹമ്മദ് എല്ലാത്തിന്റെയും മുന്നില്‍ നിന്ന് കൊണ്ട് എനിക്ക് വേണ്ട ചികിത്സാ സൗകര്യങ്ങള്‍ ചെയ്ത് തന്നിട്ടുണ്ട്. ആതുര സേവന രംഗത്ത് അറിയപ്പെടാന്‍ തുടങ്ങിയതോടെ ഏറ്റവും തിരക്കുള്ള ആളായി മുഹമ്മദ് മാറി. അതോടെ താമസം കാസര്‍കോട്ടേക്ക് മാറ്റാന്‍ അദ്ദേഹം തീരുമാനിക്കുകയും തുടര്‍ന്ന് കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. കാസര്‍കോട്ട് വലിയ ഒരു സുഹൃദ് വലയം സൃഷ്ടിക്കാന്‍ മുഹമ്മദിന് കഴിഞ്ഞിരുന്നു. ഒരു പ്രാവശ്യം പരിചയപ്പെട്ടാല്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.
ഒരുപാടു രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ രാപ്പകലില്ലാതെ ഓടി നടന്ന മുഹമ്മദ് ബദിയടുക്ക ഒരു രോഗി കൂടിയായിരുന്നു.
ഹൃദയ സംബന്ധമായ അസുഖം കാരണം വലിയ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന മുഹമ്മദ് അവസാന കാലത്ത് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്.
കാസര്‍കോട്ടുകാര്‍ ഇപ്പോള്‍ പ്രശസ്തരായ ഡോക്ടര്‍മാരെ പരിശോധനക്ക് ലഭ്യമാകുന്നതിനും പ്രമുഖ ആസ്പതികളില്‍ ചികിത്സ സൗകര്യം ലഭിക്കുന്നതിനും നെട്ടോട്ടമോടുമ്പോള്‍ വലിയവനും ചെറിയവനും ഒരേ സ്വരത്തില്‍ പറഞ്ഞു പോകുന്നു, മുഹമ്മദ് ബദിയട്ക്ക ഉണ്ടായിരുന്നുവെങ്കില്‍…
വ്യക്തിബന്ധത്തിനും സ്‌നേഹ കൂട്ടായ്മക്കും വലിയ വില കല്‍പിച്ചിരുന്ന മുഹമ്മദിന്റെ വിയോഗം അദ്ദേഹത്തിന്റെ പരശ്ശതം സുഹൃത്തുക്കള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മുഹമ്മദിന്റെ വേര്‍പാട് ഇപ്പോഴും അവിശ്വസനീയമായ ഒരു യാഥാര്‍ത്ഥ്യമായി തുടരുന്നു. സര്‍വ്വശക്തനായ നാഥന്‍ മുഹമ്മദിന് പരലോക സുഖം പ്രദാനം ചെയ്യട്ടെ ആമീന്‍…