പാലക്കുന്ന്: കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലുമായി ക്ഷേത്രങ്ങളിലും തറവാട് ഭവനങ്ങളിലും നിറയുത്സവം നടത്തി. നാട്ടിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി പാടത്തില്‍ നിന്ന് ആദ്യം കൊയ്‌തെടുത്ത നെല്‍ക്കതിര്‍ നിറയ്ക്കുന്ന ഉത്സവമാണിത്. നിശ്ചിത ദിവസം രാവിലെ കിട്ടുന്ന മുഹൂര്‍ത്തത്തിലാണിത് നടത്താറ്. ഔഷധ സസ്യങ്ങളായ അത്തി, ഇത്തി, അരയാല്‍, പ്ലാവ്, മാവ്, വട്ട, നെല്ലി, മുള, തുളസി തുടങ്ങിയവയുടെ ഇലകള്‍ പൊലിവള്ളിയും ചേര്‍ത്ത് നിറയോല ഉണ്ടാക്കി അതില്‍ നെല്‍ക്കതിരുകള്‍ തിരുകി പാന്തം (തെങ്ങോലയുടെ മടലിലെ പുറംതോല്) കൊണ്ട് കെട്ടിയ ശേഷം തലയിലേന്തി ക്ഷേത്രത്തിലെ നിശ്ചിത ഇടങ്ങളില്‍ ബന്ധിക്കും. അടുത്ത നിറയുത്സവം വരെ ഇത് തല്‍സ്ഥാനങ്ങളില്‍ ഉണ്ടായിരിക്കണം.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലും കഴക പരിധിയിലെ മിക്ക വയനാട്ടു കുലവന്‍ തറവാടുകളിലും ഉത്രാട ദിവസം ‘നിറയ്ക്കല്‍’ നടന്നു. ക്ഷേത്രത്തില്‍ നിറയ്ക്ക് ആവശ്യമായ കോപ്പുകള്‍ തലേന്നാള്‍ തന്നെ അതിന് നിയോഗിതരായ അവകാശികള്‍ എത്തിച്ചു. ഭണ്ഡാര വീട്ടിലെ ശ്രീകോവിലിന്റെ തിരുമുറ്റത്ത് രാവിലെ നിറക്കോപ്പുകള്‍ക്കു വലം വെച്ച് കലാശാട്ടും പൂജയും നടത്തി ആചാരസ്ഥാനീക്കാര്‍ നിറകെട്ടി ഭണ്ഡാര വീട്ടിലും ക്ഷേത്രത്തിലും പ്രധാന സ്ഥാനങ്ങളില്‍ ബന്ധിച്ചു. ലഭ്യതയനുസരിച്ച് ഇതിലൊരു ഭാഗം ചടങ്ങിനെത്തിയ വിശ്വാസികള്‍ വീടുകളിലേക്ക് കൊണ്ട് പോയി. പാലക്കുന്നില്‍ ആള്‍ക്കൂട്ടമോ ആരവമോ ഇല്ലാത്ത ഉത്സവമാണിത്. ആചാരത്തിലൂടെ കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്തുക എന്നതോടൊപ്പം വര്‍ഷം മുഴുവന്‍ സമ്പല്‍ സമൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.