കാസര്‍കോട്: കര്‍ണാടക കുടക് ജില്ലയിലെ നാപോക്ക് പഞ്ചായത്തില്‍ പെട്ട പറമ്പ പ്രദേശത്ത് കാവേരി പുഴയുടെ കരയിലെ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി കുടില്‍ കെട്ടി താമസിക്കുന്നവര്‍ക്ക് നിത്യോപയോഗ സാധന കിറ്റുകള്‍ എത്തിക്കുന്നത് നിര്‍ത്തണമെന്ന് പ്രദേശവാസികളായ ഏതാനും പേര്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 20 ഓളം കുടുംബങ്ങളാണ് കുടില്‍ കെട്ടി താമസിക്കുന്നത്. ഓരോ വര്‍ഷവും മഴക്കാലത്ത് പുഴയുടെ തീരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങുമെന്ന് അറിഞ്ഞിട്ടും അവര്‍ അവിടെ തന്നെ താമസിച്ചു വരികയാണ്. ആ സ്ഥലത്ത് നിന്ന് മാറണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും മാറാന്‍ തയ്യാറാകുന്നില്ല. പ്രദേശം വെളളത്തില്‍ മുങ്ങിയ ഫോട്ടോയെടുത്ത് വ്യാജ പ്രചരണം നടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി നിത്യോപയോഗ സാധനങ്ങളും ധനസഹായങ്ങളും ഓരോ കാലവര്‍ഷത്തിലും എത്തുന്നതിനാല്‍ പുതുതായി ഇപ്പോള്‍ 70 കുടുംബങ്ങള്‍കൂടി കുടിയേറിയിരിക്കുകയാണ്. ഇതിനെ ചില ഏജന്റുമാര്‍ കച്ചവടമാക്കി ദുരുപയോഗം ചെയ്യുകയാണ്. ഇതിന്റെ മറവില്‍ അഴിമതിയും നടക്കുന്നു. കന്നഡ പത്രങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതലായി സഹായങ്ങള്‍ എത്തുന്നത് കേരളത്തില്‍ നിന്നാണ്. ഇവിടെ കുടിയേറി താമസിക്കുന്നതിനാല്‍ വൈദ്യുതി കണക്ഷ നോ സര്‍ക്കാര്‍ സഹായങ്ങളാ ചെയ്തു കൊടുക്കുകയില്ല. പ്രദേശം താമസ യോഗ്യമല്ലാത്തതാണ് കാരണം. ഇവരുടെ ഫോട്ടോ എടുത്ത് വ്യാജ പ്രചരണം നടത്തുന്നവര്‍ക്ക് സഹായം നല്‍കരുതെന്നും ഇത് പ്രദേശവാസികള്‍ക്ക് കളങ്കമാവുകയാണെന്നും ഇവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പി.എ.മുഹമ്മദ്, കെ.എ.ഹാരിസ്, പി.എ.ഹാഷിം, എം.എസ്.നയാസ്, കെ.എ.അബ്ദുല്‍ റഹ്മാന്‍ സംബന്ധിച്ചു.