ബേക്കല്‍: മത്സ്യബന്ധനത്തിന് പോയ തോണി തിരയില്‍പ്പെട്ട് മറിഞ്ഞ് കീഴൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കാണാതായി. 9 പേര്‍ നീന്തിരക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30 മണിയോടെ പള്ളിക്കര പുതിയ കടപ്പുറത്ത് നിന്ന് ഏതാനും മീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. കീഴൂര്‍ കടപ്പുറത്തെ ദാസനെ(57)യാണ് കാണാതയത്. മത്സ്യബന്ധനം കഴിഞ്ഞ് നിറയെ ചെമ്മീനുമായി ബേക്കലിലേക്ക് തിരിച്ചു വരുമ്പോഴാണ് തിരമാലയില്‍പ്പെട്ട് തോണി ആടിയുലഞ്ഞ് മറിഞ്ഞത്. കീഴൂരിലെ നിധീഷിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ തോണിയാണ് അപകടത്തില്‍പ്പെട്ടത്. തോണിയുടെ ഒരുഭാഗം തകര്‍ന്നു. തോണിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ നീന്തിരക്ഷപ്പെട്ടുവെങ്കിലും ദാസനെ കാണാതാവുകയായിരുന്നു. നാലുപേര്‍ നിസാര പരിക്കുകളുമായി ആസ്പത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്. ദാസന് വേണ്ടി പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്. ഉച്ചവരെയും ദാസനെ കണ്ടെത്താനായിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന രണ്ട് തോണികള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.