അറബി മലയാള സാഹിത്യം ഗവേഷകരെ സംബന്ധിച്ച് അക്ഷയഖനിയാണ്. ഒരിക്കലും വറ്റാത്ത സ്രോതസ്സ്. ഒരു വ്യവഹാര ഭാഷയെന്ന നിലയില്‍ അറബി മലയാളത്തിന്റെ പ്രസക്തി തീര്‍ത്തും നഷ്ടപ്പെട്ടുക്കഴിഞ്ഞു. എന്നാല്‍ സംഗീതാംശത്തിന്റെ നിസ്തുലമായ മാസ്മരികത കാരണം അറബിമലയാള ഗാനവിഭാഗമായ മാപ്പിളപ്പാട്ട് പുതിയ കാലത്തും അതിജീവിക്കുന്നു. മുമ്പൊരിക്കലുമില്ലാത്ത വിധം മാപ്പിളപ്പാട്ടിന്റെ സ്വാധീനം ഇതര സമുദായങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുന്നുവെന്നത് സമകാലിക യാഥാര്‍ത്ഥ്യം.
അറബി മലയാളത്തെക്കുറിച്ച് ധാരാളം പഠനങ്ങളും ഗ്രന്ഥങ്ങളും ഗൗരവമായ ഗവേഷണങ്ങളും നടക്കുന്നു. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലെ സര്‍വ്വകലാശാലകളിലും ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കപ്പെടുന്നുണ്ട്. മാപ്പിളപ്പാട്ടിലെ പ്രമുഖ കവിവര്യനായ മോയിന്‍കുട്ടി വൈദ്യരെക്കുറിച്ച് മാത്രം കോഴിക്കോട് സര്‍വ്വകലാശാലയില്‍ 2015 വരെ മൂന്നു തിസീസ് പി.എച്ച്.ഡിക്ക് വേണ്ടി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലൊന്ന് എം.എന്‍. കാരശ്ശേരിയുടെ വക. ഗവേഷണ പ്രബന്ധങ്ങള്‍ക്കു പുറമെ ധാരാളം പുസ്തകങ്ങളും പുറത്തു വരുന്നുണ്ട്. ഉപരിപ്ലവ സ്വഭാവമാര്‍ന്ന ലഘുപഠനങ്ങള്‍ മുതല്‍ ഗഹനതയാര്‍ന്ന ഗവേഷണ പഠനങ്ങള്‍ വരെ. ഇത്തരത്തിലുള്ള ഇരുപതോളം പുസ്തകങ്ങള്‍ വായിച്ചതായി ഓര്‍ക്കുന്നു. ഈ ശ്രേണിയില്‍ ഏറ്റവും ഒടുവില്‍ പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകമാണ് അബ്ദുല്‍ ഖാദര്‍ വില്‍റോഡിയുടെ ‘മാപ്പിളപ്പാട്ടുകള്‍ക്കൊരു ആമുഖം സബീനപ്പാട്ടുകളിലൂടെ’. പുസ്തകനാമം തികച്ചും ഉചിതവും സാര്‍ത്ഥകവും ഉള്ളടക്കത്തിന്റെ വിളംബരവുമാണ.് പുസ്തകനാമം ദിശാ സൂചകമാണ്. ഇത് മാപ്പിളപ്പാട്ടുകള്‍ക്കൊരു മുന്നുരയാണ്: ഗഹനതയാര്‍ന്ന പഠനമല്ല. സഹൃദയരായ വിഷയതത്പരരെ മാപ്പിളപ്പാട്ടുകളുടെ മാസ്മരിക ലോകത്തേയ്ക്ക് ആനയിക്കുന്ന മഴവില്‍ കവാടം. ഈ ഗ്രന്ഥം സബീനപ്പാട്ടുകളിലൂടെയുള്ള സഞ്ചാരപഥമാണ്.
പുസ്തകതാള് മറിക്കുന്നതിന് മുമ്പ് രചയിതാവിനെക്കുറിച്ച് ചിലത് പറഞ്ഞേ തീരു. കുട്ടിക്കാലം മുതല്‍തന്നെ അബ്ദുല്‍ ഖാദര്‍ മാപ്പിളപ്പാട്ടുകളോട് അസാധാരണായ അഭിനിവേശം പുലര്‍ത്തിയിരുന്നു. മാപ്പിളപ്പാട്ട് പുസ്തകങ്ങള്‍-സബീനകള്‍- ശേഖരിക്കലും പഠിക്കലും അതിനെപ്പറ്റി വല്ലതും കുറിക്കലും ഗ്രന്ഥകര്‍ത്താവിന്റെ ദിനചര്യയില്‍ പെടും. ഈ ആര്‍ജ്ജവം കെടാത്ത കനലായി ഇന്നും വില്‍റോഡി കൊണ്ടു നടക്കുന്നു. ഈ കനലാണ് ഇപ്പോള്‍ ഗ്രന്ഥരൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘മാപ്പിളപ്പാട്ടുകള്‍ക്കൊരു ആമുഖം-സബീനപ്പാട്ടുകളുടെ’ ഉള്ളടക്ക സംവിധാനം രണ്ടു രീതിയിലാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. ഒന്ന് കൃതികളെ മുന്‍നിര്‍ത്തിയുള്ള എഴുത്ത്. ബദര്‍ പടപ്പാട്ട്, ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍, മലപ്പുറം ഖിസ്സപ്പാട്ട്, ഉഹ്ദ് പടപ്പാട്ട്, സലീഖത്ത് പടപ്പാട്ട്, എലിപ്പട, സലാസീല്‍, ഒട്ടകത്തിന്റെയും മാനിന്റെടും കഥ, മൂലപ്പുരാണവും കിളത്തിമാലയും, ഹിജ്‌റത്തുന്നബിയ്യ്, മക്കം ഫത്ഹ്, ഹുനൈന്‍ പടപ്പാട്ട്, കര്‍ബല ഖിസ്സപ്പാട്ട്, കച്ചവടപ്പാട്ട്, ശുജായിയുടെ സഫലമാല, ഫത്ഹുശ്ശാം, ഇബ്രാഹിം ഖിസ്സപ്പാട്ട്, താജുല്‍ അഖ്ബാര്‍, ഇബ്രാഹിം ബിന്‍ അദ്ഹം ഖിസ്സപ്പാട്ട്, വലിയ ഉമര്‍ ഖിസ്സപ്പാട്ട്, ചന്നിരസുന്ദരിമാല, മുഹ്‌യദ്ദീന്‍ ഖിസ്സപ്പാട്ട്, കുപ്പിപ്പാട്ടും കുറത്തിപ്പാട്ടും, പക്ഷിപ്പാട്ടും താലിപ്പാട്ടും, ഖൈബര്‍ പടപ്പാട്ട്, കപ്പപ്പാട്ടും നൂല്‍ മദ്ഹും, അയ്യൂബ് നബിയുടെ റഹ്മത്ത്മാല, സുഖസുന്ദരിമാല, മാണിക്യമാല എന്നിവ ഈ ഗണത്തില്‍ പെടുന്നു.
രണ്ട് മാപ്പിളപ്പാട്ടിലെ ചില വിഭാഗത്തെക്കുറിക്കുന്ന വിശകലനം. ഉദാഹരണങ്ങള്‍: വഫാത്ത് മാലകള്‍, കല്യാണപ്പാട്ടുകള്‍, കെസ്സ് പാട്ടുകള്‍, സര്‍ക്കീട്ട് പാട്ടുകള്‍, ഒപ്പനപ്പാട്ടുകള്‍, ഖിസ്സപ്പാട്ടുകള്‍. കൃതികളെക്കുറിച്ചും ലഭ്യമെങ്കില്‍ ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചും സംക്ഷിപ്തമായി വിവരിച്ചശേഷം കൃതികളുടെ സാമന്യവിവരണം നല്‍കുന്ന രീതിയാണ് എഴുത്തുക്കാരന്‍ അവലംബിച്ചിരിക്കുന്നത്. വിവരണത്തിലുടനീളം കൃതികളിലെ വരികള്‍ സമൃദ്ധമായി ഉദ്ധരിക്കുന്നുണ്ട്. ഉദ്ധരണികളുടെ പ്രസക്തിയെക്കുറിച്ച് സംശയമില്ലെങ്കിലും ആധിക്യം ചെടിപ്പിക്കുന്നുണ്ടോയെന്ന സംശയം ബാക്കി നില്‍ക്കുന്നു.
കൃതിയുടെ വായനയയ്ക്കിടയ്ക്ക് വിയോജിപ്പ് തോന്നിയ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടട്ടെ. തളങ്കരയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മാലിക്ക് ദീനാറുടെ ചരിത്രമാണ് മാലയിലെ പ്രദിപാദ്യം. (പേജ്. 132). തളങ്കരയിലെ വലിയ പള്ളിയില്‍ മാലിക് ഇബ്‌നു ദീനാര്‍ അന്ത്യവിശ്രമം കൊള്ളുന്നില്ല. (ഇദ്ദേഹം ബസറിയില്‍ വെച്ച് മരിച്ചെന്നാണ് പലരും രേഖപ്പെടുത്തി കണ്ടത്). അവിടെ അന്ത്യവിശ്രമം കൊള്ളുന്നത് മാലിക്കിബ്‌നു ദീനാറിന്റെ തായ്‌വഴിയിലെ മാലിക്ക് ഇബ്‌നു മുഹമ്മദ് ആണെന്ന് പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. വശം 65 ‘… ഫത്ത്ഹുശ്ശാം എന്ന പേരില്‍ ശാം യുദ്ധവിവരങ്ങള്‍ പ്രതിപാദിക്കുന്ന മഹോഹരമായ ഒരു കാവ്യമുണ്ട്. തൃശ്ശൂരിന്നടുത്ത ചാവക്കാടിന്നടുത്ത ചേറ്റുവാ സ്വദേശി ചേറ്റുവായ് പരീക്കുട്ടി എന്ന മാപ്പിള കവിയാണ് ഈ മനോഹര കാവ്യത്തിന്റെ രചയിതാവ്. ‘ഫത്ത്ഹുശ്ശാം എഴുതിയത് ചേറ്റുവായ് പരീക്കുട്ടിയല്ല. ഒരു തമിഴ് കവിയാണ്. തമിഴിലും കാവ്യത്തിന്റെ പേര് ഫത്ത്ഹുശ്ശാം എന്നുതന്നെയാണ്. ഈ കൃതിയുടെ സ്വതന്ത്ര പരിഭാഷയാണ് ചേറ്റുവാ പരീക്കുട്ടിയുടെ ഫത്തുഹുശ്ശാം. പക്ഷേ, പരിഭാഷ അതിമനോഹരമാണ്. അബ്ദുല്‍ ഖാദറിനു പറ്റിയ ഈ പിഴവ് ടി. ഉബൈദ് സാഹിബിനും പറ്റിയിട്ടുണ്ട്. (തമിഴ് ഫത്ത്ഹുശ്ശാന്റെ ഒരു കോപ്പി തോപ്പില്‍ മുഹമ്മദ് മീരാന്റെ ഗ്രന്ഥശേഖരത്തിലുണ്ട്.) വശം. 114. ‘കാസര്‍കോട്ടുകാരനായ മറ്റൊരു മാപ്പിള കവി നടുത്തോപ്പില്‍ കെ.എന്‍. മമ്മൂഞ്ഞിയുടെ അഹദാമരത്തില്‍ എന്ന താരാട്ട്…’ മാപ്പിളപ്പാട്ടിലെ ഏറ്റവും പ്രസിദ്ധമായ താരാട്ടാണ് അഹദാമരത്തില്‍. കവിയെ പൊതുവെ അറിയപ്പെടുന്നത് കോട്ടിക്കുളം മമ്മൂഞ്ഞി മുസ്ല്യാര്‍ എന്നാണ്. വി.എം. കുട്ടിയുടെ കൃതിയിലും കാണുന്നത് ഈ രൂപമാണ്. നടുത്തോപ്പില്‍ മമ്മൂഞ്ഞി മുസ്ല്യര്‍ എന്ന് പൊതുവെ ആരും എഴുതിക്കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഇനീഷ്യല്‍ കെ.എന്‍. ആണ്. കോട്ടിക്കുളം നടുത്തോപ്പില്‍ എന്ന് പൂര്‍ണ്ണരൂപം. വശം 17. 1932 മുതല്‍ സബീനപ്പാട്ടുകള്‍, മാപ്പിളപ്പാട്ടുകള്‍ എന്ന പേരിലറിയപ്പെടാന്‍ തുടങ്ങിയതെന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകനായ കെ.കെ.അബ്ദുല്‍ കരീം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യക്ഷത്തില്‍ ഗ്രന്ഥകാരന്റെ പ്രസ്താവത്തില്‍ തെറ്റില്ല. കാരണം മറ്റൊരാളുടെ അഭിപ്രായം അടിസ്ഥാനപ്പെടുത്തിയുള്ള പ്രസ്താവമാണിത്. പക്ഷേ, ഈ അഭിപ്രായം കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നുണ്ട്. 1932ല്‍ അല്‍ അമീനില്‍ എഴുതിയ ലേഖനത്തില്‍ വക്കം അബ്ദുല്‍ ഖാദര്‍ സബീന പാട്ടുകളെ മാപ്പിളപ്പാട്ടുകള്‍ എന്നു വിശേഷിപ്പിച്ചിട്ടുണ്ടെന്ന് അബ്ദുല്‍ കരീം എഴുതിയിട്ടുണ്ട്.’ എന്നാല്‍ ഈ മാപ്പിളപ്പാട്ട് (ാീുഹമവ ീെിഴ) എന്ന പദം ആദ്യമായി പ്രയോഗിച്ചത് ഫ്രെഡ് ഫോസറ്റ് എന്ന ബ്രീട്ടീഷ് കാരനാണ്. ഇന്ത്യന്‍ ആന്റിക്വറിയില്‍ 1900 മുന്‍പ് തന്നെ മോയിന്‍ കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന കൃതിയെപ്പറ്റിയെഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ഒരു ജനകീയ മാപ്പിളപ്പാട്ട് (അ ജീുൗഹമൃ ങീുഹമവ ീെിഴ) എന്നായിരുന്നു. ഇംഗ്ലീഷ് പദം മലയാളത്തിലാക്കുക മാത്രമാണ് വക്കം ചെയ്തത്. മാപ്പിളപ്പാട്ടിന്റെ ആദിരൂപം പടപ്പാട്ടുകള്‍ എന്ന് പ്രസാധകക്കുറിപ്പില്‍ കാണുന്നു. മാപ്പിളപ്പാട്ടുകളിലെ ആദ്യത്തെ പടപ്പാട്ട് സഖും പടപ്പാട്ടാണ്. ഇത് തമിഴ് സഖും പടപ്പാട്ടിന്റെ പരിഭാഷയാണ്. 1830 കളില്‍ ആണ് ഈ പടപ്പാട്ട് എഴുതപ്പെട്ടത്. ഇതിന് ഇരുന്നൂറില്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് (1507) മുഹയ്ദ്ദീന്‍ മാലയുടെ രചനാകാലം. മാപ്പിളപ്പാട്ടിന്റെ ആദിരൂപം ഭക്തികാവ്യങ്ങളാണ് പടപ്പാട്ടുകളല്ല.
മാപ്പിളപ്പാട്ടുകളെ സബീനപ്പാട്ടുകളെന്ന് വിളിച്ചത് കുഞ്ഞായിന്‍ മുസ്ല്യാരുടെ കപ്പപ്പാട്ടിന് ശേഷമെന്ന് പ്രബലവിഭാഗം അഭിപ്രായപ്പെടുന്നു. കപ്പലിന് അറബി പദം സഫീന എന്നാണ്. സഫീന രൂപാന്തരം വന്ന് സബീനയായെന്ന് ഈ വിഭാഗത്തിന്റെ അഭിപ്രായം. ഹിബ്രൂ ഭാഷയില്‍ സബീന എന്ന പദമുണ്ട്. അര്‍ത്ഥം ഗ്രന്ഥം എന്നാണ്. മലയാളത്തിലെ പരകീയ പദങ്ങളില്‍ ധാരാളം ഹിബ്രു പദങ്ങള്‍ ഉള്ളതിനാല്‍ സബീന എന്ന പദം ഹിബ്രു ഭാഷയില്‍ നിന്നുള്ളതാണെന്ന് അനുമാനിക്കാം. തത്സമമായിട്ടു തന്നെ.
‘മാപ്പിളപ്പാട്ടുകള്‍ക്കൊരു ആമുഖം സബീനപ്പാട്ടുകളിലൂടെ’ എന്ന ഗ്രന്ഥം മാപ്പിളപ്പാട്ടുകളെക്കുറിച്ചറിയാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക് നല്ലൊരു വഴിക്കാട്ടിയും ഈ വിഷയത്തില്‍ വര്‍ദ്ധിച്ച അവഗാഹം നേടിയവരെ സംബന്ധിച്ച് ഓര്‍മ്മ പുതുക്കലുമാണ്.