കണ്ണൂര്‍: വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിരവധി പേരുടെ പണം തട്ടിയ കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശി കണ്ണൂരില്‍ കുടുങ്ങി. കാസര്‍കോട് കുറ്റിക്കോല്‍ കൂരാമ്പിലെ ജിഷ്ണു(25)വിനെയാണ് കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജുലായ് മാസം സ്വകാര്യ കമ്പനിയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടെന്നും താല്‍പര്യമുള്ളവര്‍ അഭിമുഖത്തിന് ഹാജരാകണമെന്നും അറിയിച്ച് ജിഷ്ണു പരസ്യം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. ഇന്റര്‍വ്യൂവില്‍ വന്നവരില്‍ നിന്നും പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മറ്റു രേഖകള്‍ തുടങ്ങിയവ ജിഷ്ണു വാങ്ങിയെങ്കിലും തിരിച്ചുനല്‍കിയില്ല. പിന്നീട് ഈ രേഖകള്‍ ഉപയോഗിച്ച് ജിഷ്ണു വ്യാജ ക്രഡിറ്റ് കാര്‍ഡ് ഉണ്ടാക്കുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. ഈ രീതിയില്‍ പണം നഷ്ടപ്പെട്ട കണ്ണൂരിലെ അമലാണ് ജിഷ്ണുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അമലിന്റെ 87,000 രൂപ ഓണ്‍ലൈന്‍ വ്യാപാരം വഴിയും എ.ടി.എം വഴിയും നഷ്ടപ്പെടുകയായിരുന്നു. തട്ടിപ്പുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോ എന്നറിയാന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.