നീലേശ്വരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നഗരസഭകളുടെ പങ്കാളിത്തത്തോടു കൂടി നടപ്പിലാക്കുന്ന പി.എം.എ.വൈ-ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി നീലേശ്വരം നഗരസഭയില്‍ അന്തിമ ലക്ഷ്യത്തിലേക്ക്.
എല്ലാവര്‍ക്കും വീട് എന്ന കേരള സര്‍ക്കാരിന്റെ ഭവന പദ്ധതിക്ക് കീഴില്‍ നീലേശ്വരം നഗരസഭയില്‍ അംഗീകാരം ലഭിച്ച 595 വീടുകളില്‍ 250 വീടുകളുടെ പണി പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
അതോടൊപ്പം 345 ഓളം വീടുകളുടെ പണി പുരോഗമിച്ച് അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.
ഈ പദ്ധതി അനുസരിച്ച് ഓരോ ഗുണഭോക്താവിനും ലഭിക്കുന്ന നാല് ലക്ഷം രൂപയില്‍ നീലേശ്വരം നഗരസഭയുടെ വികസനഫണ്ടില്‍ðനിന്നാണ് ഓരോ വീടുകള്‍ക്കും രണ്ട് ലക്ഷം രൂപ വീതം നല്‍കുന്നത്.
വിവിധ ഘട്ടങ്ങളിലായി വീടുകളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ഒരു കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ വിതരണം ചെയ്യുന്നതിന്റെ നടപടിക്രമങ്ങള്‍ ഇന്നലെ നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ഗുണഭോക്താക്കളുടെ സാന്നിദ്ധ്യത്തില്‍ പൂര്‍ത്തിയാക്കി.
ഇതോടനുബന്ധിച്ചുള്ള ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.രാധ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ പദ്ധതി വിശദീകരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി.മനോഹരന്‍, കെ.വി. ശശികുമാര്‍, കെ. തങ്കമണി, എം.ലത സംസാരിച്ചു.
പദ്ധതിയുടെ ചുമതല വഹിക്കുന്ന കെ.പ്രമോദ് സ്വാഗതവും സിറ്റിമിഷന്‍ കോഓര്‍ഡിനേറ്റര്‍ വിപിന്‍ മാത്യൂ നന്ദിയും പറഞ്ഞു.