കുറ്റിക്കോല്‍: പൊയിനാച്ചി- ബന്തടുക്ക റോഡില്‍ കുറ്റിക്കോല്‍ ടൗണ്‍ കഴിഞ്ഞ് റോഡ് ചെളിക്കുളമായി. മാസങ്ങളായിട്ടും പരിഹാരം കാണാത്തതിനാല്‍ ഇത് വഴിയുള്ള യാത്ര ദുരിതമാകുന്നു. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇതു വഴിയുള്ള യാത്ര ക്ലേശകരവും അതിലേറെ അപകടകരവുമായി. തുടര്‍ച്ചയായി പെയ്ത മഴയില്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനിടയിലാണ് റോഡിന്റെ കുഴികള്‍ രൂപപ്പെട്ടത്. ചെളി നിറഞ്ഞ റോഡിലൂടെ കാല്‍നട യാത്ര പോലും ദുഷ്‌കരമായി. നവീകരണത്തിന്റെ ഭാഗമായി ഒന്നര മീറ്ററോളം റോഡ് ഇറക്കിയതിനാല്‍ ഇരുവശത്തുമുണ്ടായിരുന്ന നടപ്പാത ഇല്ലാതായി. ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവായി. വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ ഇരുചക്രവാഹന യാത്രക്കാരും വഴിയാത്രക്കാരും ചെളിയില്‍ കുളിക്കുന്നതും പതിവാണ്.