കാഞ്ഞങ്ങാട്: കേരളത്തിലെ കൊടൈക്കനാലായ പൈതല്‍മലയും ഏഴഴകുള്ള ഏഴരക്കുണ്ട് വെള്ളച്ചാട്ടവും സന്ദര്‍ശിച്ച് പൂരാട സഞ്ചാരം.
മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ പൂരാടദിനത്തില്‍ സംഘടിപ്പിച്ച പഠനയാത്ര കാഴ്ചയ്ക്ക് നവ്യാനുഭവമായി.
ആകാശം മുട്ടെ ഉയരത്തിലുള്ള കുന്നിന്‍ മുകളില്‍ നിന്ന് പാറി പറക്കുന്ന കോടമഞ്ഞും ചാറി പെയ്യുന്ന മഴയും ചേര്‍ന്ന് ഒരുക്കിയ മനോഹര ദൃശ്യങ്ങള്‍ ആസ്വദിച്ചായിരുന്നു സഞ്ചാരത്തിന്റെ തുടക്കം. ആറു കിലോമീറ്റര്‍ ട്രക്കിംഗ് കഴിഞ്ഞ് 4500 അടി ഉയരത്തിലുള്ള പുല്‍മേടും ചുറ്റുമുള്ള സംരക്ഷിത വനങ്ങളും അപൂര്‍വങ്ങളായ ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും ഔഷധ സസ്യങ്ങളുടെയും ആവാസ കേന്ദ്രമാണ്. ഏഴിമല മൂഷിക വംശത്തില്‍ പ്പെട്ട ആദിവാസ രാജാവായ വൈതല്‍ കോന്മാരുടെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ വിശേഷപ്പെട്ട പഠനാനുഭവമായി.
തട്ട് തട്ടുകളായ ഏഴ് വലിയ കുഴികളും പകുതിയില്‍ നിന്ന് മുറിച്ചതു പോലുള്ള മറ്റൊരു കുഴിയും ചേര്‍ന്ന ഏഴരക്കുണ്ട് വെള്ളച്ചാട്ടം അതിരപ്പള്ളിയെ പോലെ ആകര്‍ഷകമാണ്. ഈ വര്‍ഷം ജനുവരിയില്‍ പൈതല്‍മലയ്ക്കടുത്ത പൊട്ടന്‍ പ്ലാവില്‍ കണ്ണൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ആരംഭിച്ച വിനോദ സഞ്ചാര കേന്ദ്രം ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്.
കുത്തനെയുള്ള കൊടുമുടിയില്‍ പെയ്യുന്ന മഴവെള്ളം ആര്‍ത്തുലച്ച് ഒഴുകുന്ന കാഴ്ചയാണ് പ്രധാനം. കരിങ്കല്‍ പാറകളില്‍ വീഴുന്ന വെള്ളം ചെറുകുഴികള്‍ ഉണ്ടാക്കും. ക്രമേണ ചുഴികളില്‍ രൂപപ്പെടുന്ന കുഴികളില്‍ ഒഴുകിയെത്തുന്ന കരിങ്കല്‍ കഷണങ്ങള്‍ കുഴികളില്‍ തങ്ങിനില്‍ക്കുകയും വട്ടം കറങ്ങി വിസ്തൃതമായ കുണ്ടുകള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഏഴരക്കുണ്ടിന്റെ ഭൂമി ശാസ്ത്രം അധ്യാപകര്‍ക്ക് പുതിയ പാഠമായി.
പ്രധാനാധ്യാപകന്‍ ഡോ. കൊടക്കാട് നാരായണന്‍, സ്റ്റാഫ് സെക്രട്ടറി പി. ശ്രീകല, പി. കുഞ്ഞിക്കണ്ണന്‍, സണ്ണി കെ.മാടായി, പി.പി. മോഹനന്‍ നേതൃത്വം നല്‍കി.