തൃക്കരിപ്പൂര്‍: കായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കായികാധ്യാപകന്‍ ഇടയിലക്കാടിലെ എ. രാമകൃഷ്ണന്‍ മാസ്റ്റര്‍ (74) അന്തരിച്ചു. ആറുമാസമായി ചികിത്സയിലായിരുന്നു. ഫുട്‌ബോള്‍, കബഡി, ടെന്നികോയറ്റ് എന്നീ മേഖലകളിലേക്ക് നിരവധി താരങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞു. മുഹമ്മദ് റാഫി, എം. സുരേഷ് എന്നീ പ്രതിഭകളെ കണ്ടെത്തിയതും ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയും മാഷായിരുന്നു. തൃക്കരിപ്പൂരിലെ ആദ്യകാല ഫുട്‌ബോള്‍ ക്ലബ്ബായ ബ്രദേര്‍സിന്റെ മുന്‍നിര കളിക്കാരനായിരുന്നു. എടാട്ടുമ്മല്‍ സുഭാഷ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റ കോച്ചായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കബഡി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദേശീയകലാവേദി ജില്ലാ അമരക്കാരനായും തൃക്കരിപ്പൂര്‍ ആക്മി ക്ലബ്ബിന്റെ സെക്രട്ടറിയുമായിരുന്നു. ജില്ലയില്‍ ആദ്യമായി സുബ്രതോ മുഖര്‍ജി ഫുട്‌ബോള്‍ ട്രോഫി നേടിയ തൃക്കരിപ്പൂര്‍ ഗവ. ഹൈസ്‌കൂള്‍ ടീമിനെ പരിശീലിപ്പിച്ച കായികാധ്യാപകനാണ്. ടെന്നികോയറ്റ് അസോസിയേഷന്റെ ജില്ലയിലെ ആദ്യത്തെ സാരഥിയായും കായികാധ്യാപകരുടെ സംഘടനാ നേതാവായും ജില്ലാ സ്‌കൂള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സിക്രട്ടറിയുമായിരുന്നു.
റിട്ട. പ്രഥമാധ്യാപിക കെ.പി. സരോജിനിയാണ് ഭാര്യ. മക്കള്‍: രഞ്ജിത് (എഞ്ചിനീയര്‍, ഡിസൈന്‍ ഗ്രൂപ്പ് പയ്യന്നൂര്‍), ശ്രീജിത് (എഞ്ചിനീയര്‍, ഖത്തര്‍). മരുമക്കള്‍: നീന (ചൊവ്വ), ദിവ്യ (അധ്യാപിക, ബോവിക്കാനം). സഹോദരങ്ങള്‍: രോഹിണി (മൊറാഴ), മുകുന്ദന്‍ (കേരളാ കൗമുദി).