കാസര്‍കോട്: പുലിക്കുന്നില്‍ കൂറ്റല്‍ ആല്‍മരം കടപുഴകി വീണു. നഗരസഭാ കാര്യാലയത്തിനും ലൈബ്രറിക്കും സമീപമാണ് റോഡിന് കുറുകെ മരം വീണത്. അര്‍ധരാത്രയാണ് മരം മുറിഞ്ഞു വീണതെന്ന് കരുതുന്നു. പകല്‍ നേരങ്ങളില്‍ തിരക്കേറിയ റോഡാണിത്. തൊട്ടടുത്താണ് ചിന്മയ സ്‌കൂളിന്റെ നഴ്‌സറി വിഭാഗം കെട്ടിടം പ്രവര്‍ത്തിക്കുന്നത്. മരം വീണത് ആളൊഴിഞ്ഞ സമയത്ത് ആയതുകൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. പകല്‍ നേരങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുള്ള സ്ഥലത്താണ് മരം വീണത്. വൈദ്യുതി-ടെലഫോണ്‍ കമ്പികള്‍ പൊട്ടി. ഇതുവഴിയുള്ള ഗതാഗതം രാവിലെ 10 മണിവരെ പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കാലപ്പഴക്കം കൊണ്ട് അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ നിരവധിയുണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍. ഇവ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഏതാനും ദിവസം മുമ്പ് മുള്ളേരിയയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യുവാവ് മരിക്കുകയും സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആദൂരിലും സമാനമായ അപകടമുണ്ടായെങ്കിലും കാര്‍ യാത്രക്കാരായ കുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.