ഉപ്പള: ശനിയാഴ്ച കുമ്പള പൊലീസ് അറസ്റ്റ് ചെയ്ത കുക്കാറിലെ അമീറലി എന്ന ഡിക്കി അമ്മിയും സംഘവും പൊലീസിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി അഴിഞ്ഞാടിയിരുന്നത് ഒറിജിനലിനെ വെല്ലുന്ന കളിത്തോക്ക് കൊണ്ടെന്ന് വിവരം. അമീറലിയും സംഘവും ഉപ്പളയിലെയും പരിസരത്തെയും ഗള്‍ഫുകാരെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയും വാഹന യാത്രക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി കൊള്ളയടിക്കുന്നതും പതിവായിരുന്നു. പണം നല്‍കാത്തവരെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം റോഡരികില്‍ തള്ളിയിട്ട് കടന്നു കളയുകയാണ് രീതി. ഒന്നര വര്‍ഷം മുമ്പ് അമീറലിയെ പിടിക്കാന്‍ എത്തിയ മഞ്ചേശ്വരം എസ്.ഐ.യെയും സംഘത്തെയും ബേക്കൂരില്‍ വെച്ച് തോക്ക് കാട്ടിയാണ് രക്ഷപ്പെട്ടത്. പച്ചമ്പള റോഡരികില്‍ ഒരു സംഘത്തെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയെങ്കിലും അവര്‍ പിരിഞ്ഞു പോയില്ല. അതിനിടെ അമീറലിയും സംഘവും കാറിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൂട്ടിയടിച്ച് ശബ്ദമുണ്ടാക്കി. വെടിവെച്ചതെന്ന് കരുതി ആ സംഘം ചിതറിയോടുകയായിരുന്നു. ബായാര്‍ റോഡില്‍ അനധികൃതമായി വരുന്ന മണല്‍കടത്ത് ലോറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് അമീറലി എന്ന് പൊലീസ് പറഞ്ഞു. ഏതാനും മാസം മുമ്പ് കുമ്പള എസ്.ഐ. ആയി ചാര്‍ജെടുത്ത എ. സന്തോഷ്‌കുമാര്‍ അമീറലിയെയും കൂട്ടാളികളെയും കുറിച്ച് വിശദമായി പഠിക്കുകയും ഇവരെ പിടിക്കാനായി പലരുടെയും സഹായവും തേടിയിരുന്നു. അമീറലിയെ പിടിക്കാനായി പല പ്രാവശ്യം എത്തിയെങ്കിലും കാറില്‍ അമിത വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. കൂട്ടാളികളില്‍ പലരും ജയിലില്‍ ആയതോടെ ഒറ്റപ്പെട്ട അമീറലി വനത്തില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് ബേക്കൂരിലെ ഒരു യുവാവിനെ നിരന്തരമായി ഭീഷണിപ്പെടുത്തി പണം തട്ടുന്നതായുള്ള വിവരം ലഭിച്ചത്. ഈ യുവാവിനെ ചോദ്യം ചെയ്ത പൊലീസ് അമീറലിയെ കുറിച്ചുള്ള വിവരം ശേഖരിച്ചു. ബേക്കൂരിലെ ഒരു ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അമീറലിയെ ശനിയാഴ്ച ഉച്ചയോടെയാണ് പിടിച്ചത്.
പൊലീസ് എത്തുമ്പോഴേക്കും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അമീര്‍ അലിയെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.