പെരിയ: ആദിവാസി കലാകാരി ചാലിങ്കാലിലെ കൊട്ടിയമ്മ അംഗീകാരങ്ങളുടെ നിറവില്‍. പ്രായം തൊണ്ണൂറ് കഴിഞ്ഞിട്ടും യുവത്വത്തിന്റെ ചുറുചുറുക്കുമായി ഗോത്രകലകള്‍ അവതരിപ്പിക്കാന്‍ ഈ കലാകാരി മുന്‍പന്തിയില്‍ തന്നെയാണ്. മംഗലം കളി ഉള്‍പ്പെടെയുള്ള ആദിവാസി ഗോത്രകലകള്‍ വിവിധ വേദികളില്‍ അവതരിപ്പിച്ച് ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയ കൊട്ടിയമ്മയെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആദരിക്കുകയും പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. നാടിന് വെളിയിലും കൊട്ടിയമ്മ മംഗലം കളി അവതരിപ്പിച്ചിട്ടുണ്ട്. ചാലിങ്കാല്‍ പ്രിയദര്‍ശിനി ക്ലബ്ബിന്റെ ഓണാഘോഷപരിപാടിയോടനുബന്ധിച്ച് കൊട്ടിയമ്മയെ രമ്യാഹരിദാസ് എം.പി പൊന്നാടയണിയിച്ച് ആദരിക്കുകയും വാര്‍ധക്യത്തിലും തളരാത്ത മനസുമായി കലയെ ഉപാസിക്കുന്ന കൊട്ടിയമ്മ സമൂഹത്തിനാകെ മാതൃകയായ കലാകാരിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ചാലിങ്കാല്‍ പ്രിയദര്‍ശിനി ക്ലബ്ബ് മുമ്പും കൊട്ടിയമ്മയെ ആദരിച്ചിരുന്നു. ആദിവാസി കോണ്‍ഗ്രസും നാട്ടിലെ മറ്റ് ക്ലബ്ബുകളും കൊട്ടിയമ്മയെ ആദരിച്ചിട്ടുണ്ട്. കൊട്ടിയമ്മയുടെ ഭര്‍ത്താവ് അന്തരിച്ച തിരുവമ്പന്‍ നാട്ടിലെ അറിയപ്പെടുന്ന പാരമ്പര്യവൈദ്യനായിരുന്നു. ചാലിങ്കാലിലെയും പരിസരങ്ങളിലെയും പഴയതലമുറയില്‍പെട്ടവരില്‍ പലരും തിരുവമ്പന്റെ നാട്ടുവൈദ്യത്തിന്റെ മേന്‍മയും ശക്തിയും മനസിലാക്കിയവരാണ്. ആസ്പത്രികളില്‍ പോകാതെ തന്നെ തിരുവമ്പന്റെ ചികിത്സ കൊണ്ട് അസുഖം ഭേദമായവര്‍ അക്കാലത്ത് ഏറെയുണ്ടായിരുന്നു. തിരുവമ്പന്റെ മരണം കൊട്ടിയമ്മയെയും കുടുംബത്തെയും തളര്‍ത്തിയെങ്കിലും ഗോത്രകലയുടെ താളലയങ്ങള്‍ നല്‍കിയ മാനസികമായ കരുത്തില്‍ കൊട്ടിയമ്മ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുന്ന കാഴ്ചയാണ് നാട് പിന്നീട് കണ്ടത്. മക്കളായ രാഘവന്‍, ഗോപി, ശങ്കരന്‍, കരുണാകരന്‍, തൊപ്പിച്ചി, നാരായണി എന്നിവരും കൊട്ടിയമ്മയുടെ കലയോടുള്ള താത്പര്യത്തിന് പിന്തുണ നല്‍കി. ശരീരവും മനസും വഴങ്ങുന്നിടത്തോളം കാലം മംഗലം കളി അവതരിപ്പിക്കണമെന്നാണ് കൊട്ടിയമ്മയുടെ ആഗ്രഹം.