സൗഹൃദം എന്നത് പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റാത്ത ഒരു വികാരമാണ്. പലരോടും പല രീതിയിലും ഇടപെടുമ്പോള്‍ സ്വഭാവവൈവിധ്യങ്ങള്‍ നാം അനുഭവിച്ചറിയാറുണ്ട്. ആ വൈവിധ്യങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് കാലങ്ങളോളം സൗഹൃദം കാത്ത് സൂക്ഷിക്കാന്‍ അനല്‍പമായ ക്ഷമയും വിട്ട് വീഴ്ചയും കൂടീയേ തീരൂ. സൗഹൃദ ബന്ധത്തിന് മറ്റെല്ലാത്തിനേക്കാള്‍ വില കല്‍പിച്ചിരുന്ന ഒരാളാണ് ഈ അടുത്ത് നമ്മോട് വിടപറഞ്ഞ അസീസ് നിലാമുറ്റം എന്ന എന്റെ പ്രിയ കൂട്ടുകാരന്‍. എല്ലാവരുടെയും ഉയര്‍ച്ചയും നന്മയും മാത്രം ആഗ്രഹിച്ചിരുന്ന വ്യക്തി. ഏതൊരാളുടെ ഉയര്‍ച്ചയിലും ഇത്രമാത്രം സന്തോഷിക്കുന്നൊരാളെ ഞാന്‍ കണ്ടിട്ടില്ല. ഇരുമെയ്യായിരുന്നെങ്കിലും ഒരു മനസ്സായിരുന്നു ഞങ്ങള്‍ക്ക് എന്ന് പറയാനാണിഷ്ടം അത്രയ്ക്ക് അഘാതമായിയുന്നു ആ ബന്ധം ബാല്യത്തിന്റെ കൂസൃതികളും നിഷ്‌കളങ്കതയും നിറഞ്ഞ ചുറ്റുപാടുകളില്‍ നിന്ന് തുടങ്ങി കളിയും ചിരിയുമായി സൗഹൃദത്തിന്റെ സൗന്ദ്യര്യത്തിന് വീര്യം കൂടുന്ന കൗമാരത്തിലും തളിര്‍ത്ത് പടരുന്ന യൗവ്വനത്തിലൂടെ വളര്‍ന്ന് പന്തലിച്ച് പറഞ്ഞറയിക്കാനോ വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനോ പറ്റാത്തത്രയും ജീവിതാനുഭവങ്ങള്‍ സമ്മാനിച്ച് അസീസ് വിടപറഞ്ഞപ്പോള്‍ എന്താണ് നഷ്ടപ്പെട്ടതെന്ന് പോലുമറിയാത്ത വിധം ജീവിതം ശൂന്യതയിലേക്ക് വലിച്ചെറിയപ്പെട്ടത് പോലെയാണ്. യാത്രകളെ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്ന അസീസ് കൂടുതല്‍ സംസാരിക്കുകയോ അനാവശ്യമായി ഒന്നിലും ഇടപെടുകയോ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും ആരെയും വെറുപ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാതെ സദാസമയം പുഞ്ചിരിയോടെ ആളുകളുമായി ഇടപെടുമായിരുന്നു. കളങ്കമില്ലാത്ത മനസ്സ് പോലെ തന്നെയായിരുന്നു ആ മുഖത്ത് വിരിയുന്ന പുഞ്ചി. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ജീവിത്തില്‍ മറക്കാതെ സൂക്ഷിക്കാന്‍ കഴിയുന്ന വ്യക്തിത്വം.
ഇടപാടുകളിലെ കണിശതയും ജീവിത ചിട്ടയിലെ കൃത്യതയും സമയനിഷ്ഠയും ദീനികാര്യത്തിലെ സൂക്ഷ്മതയും ആരെയും അത്ഭുതപ്പെടുത്തും വിധം ജീവിതത്തിന്റെ ഭാഗമായി കൊണ്ട് നടക്കാറുണ്ടായിരുന്നു അസീസ്. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയോ കാര്യ ലാഭങ്ങള്‍ക്ക് വേണ്ടിയോ ആയിരുന്നില്ല അത്. ഞങ്ങളുടെ സൗഹൃദം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയ്ക്ക് ഊഷ്മളമായിരുന്നു. അക്ഷരാഭ്യാസത്തിന്റെ മധു നുകരാന്‍ മദ്രസയില്‍ പോയി തുടങ്ങിയ കാലം മുതല്‍ മുപ്പത്തഞ്ച് വര്‍ഷത്തോളം സൗഹൃദം കാത്ത് സൂക്ഷിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യം.
ഈ കാലയളവില്‍ ഒരിക്കല്‍ പോലും ആ ബന്ധത്തിന് വിള്ളല്‍ വീഴാതെ കൊണ്ടുനടക്കാന്‍ പറ്റിയത് തന്നെ അസീസിന്റെ ആ സ്‌നേഹ മനോഭാവത്തിന്റെ അടയാളമാണ്. ഉപജീവന മാര്‍ഗ്ഗത്തിന് വേണ്ടി വിവിധ മേഖകളിലേക്ക് തിരിയേണ്ടി വന്നപ്പോഴും പരസ്പരം ബന്ധപ്പെടാന്‍ ഞങ്ങള്‍ക്കിടയില്‍ തടസമുണ്ടായിരുന്നില്ല. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവ രാഷ്ട്രീയത്തിലും കായിക രംഗത്തും ഞാന്‍ സജീവമായപ്പോഴും അതിലൊന്നും വലിയ താല്‍പര്യത്തോടെ ഇടപെടാതിരുന്നിട്ടും എല്ലാത്തിനും പിന്തുണയും സഹായവുമായി അസീസ് എന്റെ കൂടെയുണ്ടായിരുന്നു.
നമ്മുടെ ഇഷ്ടങ്ങളെ വകവെച്ച് തരുന്ന കൂട്ടുകാരനായി, നല്ല പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സഹപ്രവര്‍ത്തകനായി, തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കുന്ന ഒരു ജ്യേഷ്ഠ സഹോദരനായി ഇഷ്ടപ്പെടാത്തവയെ തുറന്ന് പറയുന്ന അഭ്യുദയകാംക്ഷിയായി ഒന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശാന്തമായൊഴുകുന്ന ഞങ്ങളുടെ സൗഹൃദതീരത്തിലലിഞ്ഞ് ചേര്‍ന്നതാണ് അബുബക്കര്‍ (ഔക്കു) പിസിയും. പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ആ സൗഹൃദത്തിന് മങ്ങലേല്‍ക്കാതെ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന പിസിക്കും അസീസിനെ കുറിച്ച് പറയാന്‍ നൂറ് നാവാണ്. എന്നും നാട്ടിലെത്തിയാല്‍ സൗഹൃദത്തിന്റെ ഒത്തുകൂടലും യാത്രകളുമെല്ലാം കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിടുക ഞങ്ങളുടെ പതിവായിരുന്നു. ഈ അവസാനമായി ലീവിന് നാട്ടില്‍ വന്ന് തിരിച്ചു പോകുമ്പോഴും അത് തുടര്‍ന്നു. അവശനായിട്ട് പോലും അസീസ് നിര്‍ബന്ധം പിടിച്ച് ഞങ്ങളുടെ കൂടെ എയര്‍പോര്‍ട്ടില്‍ വന്നിരുന്നു. തിരിച്ചുപോരുമ്പോള്‍ ഇത്രയും വയ്യാത്ത സാഹചര്യത്തില്‍ നീ എന്തിനാണ് വന്നതെന്ന എന്റെ ചോദ്യത്തിന് ഇനിയൊരിക്കല്‍ ഔക്കുവിനെ ഇത്‌പോലെ കൊണ്ടുവിടാന്‍ എനിക്ക് പടച്ചവന്‍ അവസരം തന്നില്ലെങ്കിലോ എന്നായിരുന്നു മറുപടി.
ലക്ഷ്യമില്ലാത്ത യാത്രയാണെന്ന് തോന്നാമെങ്കിലും ഞങ്ങളുടെ ഓരോ യാത്രയും അവസാനിക്കുമ്പോള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പോലെയാണ്. ചിലപ്പോള്‍ കാടും മേടും താണ്ടി പ്രകൃതിയെ അടുത്തറിയാന്‍, ചിലപ്പോള്‍ കാര്‍ഷികവൃത്തിയും കുലത്തൊഴിലുമായി ഉള്‍ഗ്രാമങ്ങളില്‍ ജീവിതത്തോട് മല്ലടിക്കുന്നവരുടെ വേദനകള്‍ മനസ്സിലാക്കാന്‍, അതല്ലെങ്കില്‍ ആത്മീയ കേന്ദ്രങ്ങളുടെ അകത്തളങ്ങളെ അടുത്തറിയാന്‍, ചിലത് മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറത്ത് മഹത്തായ പൈതൃകം പടുത്തുയര്‍ത്തി സ്മാരകങ്ങള്‍ പണിത ചരിത്ര ഭൂമിയിലൂടെ… അങ്ങനെ പലതരം യാത്രകള്‍, പലപല നാടുകള്‍… ഗ്രാമങ്ങളും നഗരങ്ങളും ആരാനധാലയങ്ങളും ചരിത്ര പ്രധാന കേന്ദ്രങ്ങളും ഞങ്ങളുടെ യാത്രകളില്‍ ഉള്‍പ്പെടുമായിരുന്നു. ജീവിതയാത്രയില്‍ ഒരിക്കലും പിരിയാത്ത കൂട്ടുകാരായി ഓരോ നിമിഷങ്ങളും കൂടുതല്‍ അടുത്തറിയാനും അതിനേക്കാള്‍ കൂടുതല്‍ സൗഹൃദം ദൃഢമാക്കാനും സാധിച്ചിരുന്നു. ശരീരത്തില്‍ അവശതയുടെ അടയാളങ്ങള്‍ അര്‍ബുദമെന്ന പേരില്‍ പിടിമുറുക്കിയപ്പോഴും ആ മനസ്സിനെ തളര്‍ത്താനായില്ല. അസ്വസ്ഥതകള്‍ ശരീരത്തിന് മാത്രമായിരുന്നു. ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ പരസഹായമില്ലാതെ ഒരടി നടക്കാന്‍ പോലുമാവാത്ത സമയത്തും എന്നെ വിളിച്ചിരുന്നു. ഒരിടം പോവാന്‍ നീ വരണമെന്ന് പറഞ്ഞ്. കൂട്ടുകാരുടെ സഹായത്തോടെ വണ്ടിയില്‍ കയറിയപ്പോള്‍ കൂടെ വരാന്‍ സന്നദ്ധതയറിയിച്ചവരോട് ഞങ്ങളുടെ സ്വകാര്യ നിമിഷത്തിലേക്ക് മറ്റൊരാളെ കൂടെക്കൂട്ടാനാഗ്രഹിക്കാതെ സ്‌നേഹ പൂര്‍വ്വം നിരുത്സഹപ്പെടത്തി. മൂന്നരപ്പതിറ്റാണ്ട് കാലം ദൃഢമായി കൊണ്ട് നടന്ന സൗഹൃദത്തിന് നാന്ദി കുറിച്ച് പാതിരാവിന്റെ അവസാനയാമത്തില്‍ എന്നന്നേക്കുമായി ആ കണ്ണുകളടയുമ്പോള്‍ പോലും അരികിലെത്താന്‍ കഴിഞ്ഞത് ഞാനും എന്നെയും അത്രമാത്രം സ്‌നേഹിച്ചത് കൊണ്ടാവാം… ഞങ്ങളുടെ സൗഹൃദം ഒരു പേജില്‍ എഴുതിത്തീര്‍ക്കാവുന്നതല്ല. മാസങ്ങളോളം പറഞ്ഞാലും തീരില്ല. ഓര്‍ക്കാന്‍ ഒരുപാട് സൗഹൃദത്തിന്റെ നന്മകള്‍ സമ്മാനിച്ച ആത്മ സുഹൃത്തിനെ പകര്‍ത്താനാവാത്ത ഹൃദയ നോവുമായി ആറടിമണ്ണിലേക്കിറക്കി മടങ്ങുമ്പോള്‍ പോലും കഴിഞ്ഞതൊക്കെ സ്വപ്‌നമായിരിക്കണേ എന്നായിരുന്നു പ്രാര്‍ത്ഥന. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം താങ്ങും തണലുമായിരുന്ന എന്റെ കൂടെപിറക്കാതെ പോയ പ്രിയ സഹോദരന്റെ പരലോക ജീവിതം സന്തോഷത്തിലാക്കണേ നാഥാ എന്ന പ്രാര്‍ത്ഥനയോടെ…