സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ നാടകം ഹരമായിരുന്നു. നാടകം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടെന്ന് പറയുന്നതാവും ശരി. നാടകഭ്രാന്ത് മൂത്ത് ശരിക്കും വട്ടായിമാറുമോ എന്ന് വരെ വീട്ടുകാരും നാട്ടുകാരും സംശയിച്ചിരുന്നു. അത്രകണ്ട് നാടകം എന്നെ ആകര്‍ഷിച്ചിരുന്നു.
1978-79ല്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടന്ന നാടക മത്സരത്തില്‍ ഈയുള്ളവനായിരുന്നു മികച്ച നടന്‍. അന്ന് തെറ്റില്ലാത്ത വലിയൊരു നാടക ഗ്രൂപ്പ് തന്നെ കോളേജിലുണ്ടായിരുന്നു. നാസ് ഇബ്രാഹിം, രത്‌നാകരന്‍ മാങ്ങാട്, പൊയക്കര വഹാബ് ഇവരൊക്കെ കോളേജില്‍ പീഡീസിക്കാരായ ഞങ്ങളുടെ സീനിയര്‍ വിദ്യാര്‍ത്ഥികളായിരുന്നു. പൂച്ച പി.ഡി.സി എന്ന് വിളിച്ച് അവര്‍ ഞങ്ങളെ പരിഹസിക്കാറുണ്ടെങ്കിലും നാടകാഭിനയം വരുമ്പോള്‍ അവരുടെ ട്രൂപ്പില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തും. കാരണം അന്ന് പ്രിഡിഗ്രിക്കാരായ ഞങ്ങളുടെ നാടക നിര ഡിഗ്രിക്കാരേക്കാളും ശക്തമായിരുന്നു. എന്നെ കൂടാതെ സുരേന്ദ്രന്‍ കെ.ടി, അശോകന്‍ കാഞ്ഞങ്ങാട്, അബ്ബാസ്, സുധാകരന്‍ ഇവരൊക്കെ നന്നായി അഭിനയിക്കുന്നവരായിരുന്നു. അന്നത്തെ കൂട്ടായ്മയുടെ ആ നല്ലകാലം ഇന്ന് ഓര്‍മ്മയില്‍ മാത്രം!
കോളേജ് വിട്ടതിന് ശേഷം പുറത്ത് പോയി അഭിനയിച്ച ആദ്യ നാടകം സി.എല്‍. ജോസിന്റെ നീര്‍ച്ചുഴിയായിരുന്നു. അട്ക്കത്ത് ബയല്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര തിരുമുറ്റത്തെ വേദിയില്‍ വെച്ചായിരുന്നു ആ നാടകം അന്നരങ്ങേറിയത്. പിന്നീട് പല വേദികളിലായി നാല്‍പത്തഞ്ചോളം നാടകത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് എതിര്‍പ്പുകള്‍ കൂടികൂടി വന്നു ‘കടക്കു പുറത്ത്’ എന്ന ശക്തമായ താക്കീത് കിട്ടിയതോടെ നാടകാഭിനയം എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടി വന്നു.
സുകുമാര കലകളിലൊന്നായ നാടകം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്. എന്നാല്‍ ഒരു കാര്യം തീര്‍ച്ചയാണ്. നാടകത്തിന് ശക്തിമത്തായ ഒരു പ്രതിഫലന ശക്തിയുണ്ട്. വാമൊഴികൊണ്ടോ, വരമൊഴികൊണ്ടോ സാധിക്കുന്നതിലേറെ ഗുണങ്ങള്‍ നാടകം കൊണ്ട് സാധ്യമാണ്. എന്നാല്‍ ആ ഗുണങ്ങള്‍ രണ്ട് വിധത്തിലുണ്ട്. നല്ലഗുണങ്ങളും ചീത്ത ഗുണങ്ങളും… ഈ രണ്ട് ഗുണങ്ങളും പ്രതിഫലിച്ച് കാട്ടാനുള്ള കരുത്ത് നാടകത്തിനുണ്ട്. ഈ ഗുണങ്ങള്‍ കഥയുടെ സന്മാര്‍ഗ്ഗിക വശങ്ങളെ ആശ്രയിച്ചിരിക്കും.
തത്വോപദേശങ്ങളും സന്മാര്‍ഗ്ഗിക വശങ്ങളും ഉള്‍കൊള്ളുന്ന കഥകളെ തന്മയത്വത്തോട് കൂടിയും എന്നാല്‍ അകൃത്രിമവുമായ നിലയില്‍ അഭിനയിക്കുന്നതായാല്‍ അത് ജനങ്ങളെ ചിന്തിപ്പിക്കുകയും സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്യും. പ്രത്യുത അസാന്മാര്‍ഗ്ഗിക വശങ്ങളില്‍ കൊള്ളുന്ന കഥകളെ അഭിനയിച്ച് കാട്ടുന്നതിലും അത് കാണുന്നതിലും തെറ്റില്ലായെന്ന് പറയുന്നതും ശരിയല്ല. അസന്മാര്‍ഗ്ഗിക വശങ്ങള്‍ ഉള്‍കൊള്ളുന്ന കഥകള്‍ അഭിനയിച്ച് കാണുന്നത് കൊണ്ട് അതിന്റെ പരിണിത ഫലങ്ങളെ ഗ്രഹിച്ച് അത്തരം ദുര്‍മ്മാര്‍ഗ്ഗങ്ങളില്‍ നിന്ന് പിന്തിരിയുവാനുള്ള പ്രേരണ അതില്‍ നിന്നുണ്ടാകുമെന്ന് ചിലര്‍ വാദിച്ചേക്കാം. പ്രഥമ വീക്ഷണത്തില്‍ അത് ശരിയാണെന്ന് വരാം. നാടകം കാണുന്നവരെല്ലാം ബുദ്ധിമാന്മാരും ചിന്തകരുമാണെങ്കില്‍ ഈ അനുമാനം ശരിയാണെന്ന് സമ്മതിക്കാം. എന്നാല്‍ ഇന്ന് നാടകം കണ്ടാസ്വദിക്കുന്നവരില്‍ അധികം പേരും അത്തരക്കാരല്ലയെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
പൗരാണിക കാലത്ത് മുസ്ലീങ്ങളുടെയിടയില്‍ ഇന്നത്തെ പോലെയുള്ള നാടകങ്ങള്‍ ഉണ്ടായിരുന്നില്ല. യൂറോപ്പില്‍ ഗ്രീക്കുകാരുടെയിടയില്‍ ചില രീതിയിലുള്ള നാടകങ്ങളുണ്ടായിരുന്നു. അബ്ബാസിയ്യ ഭരണത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ ഗ്രീക്കുകാരുടെ ശാസ്ത്രങ്ങളെയും കലകളേയും മുസ്ലീംങ്ങള്‍ അറബി സാഹിത്യത്തിലേക്ക് പകര്‍ത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ നാടകങ്ങള്‍ പകര്‍ത്തിക്കണ്ടില്ല. അതിനുള്ള കാരണം വ്യക്തവുമല്ല. ഗ്രീക്കുകാരുടെ നാടകങ്ങളെല്ലാം തന്നെ അവരുടെ സാമുദായികവും സന്മാര്‍ഗ്ഗികവുമായ ആചാരങ്ങളെ പ്രതിബിംബിക്കുന്നതായിരുന്നു. മുസ്ലീംങ്ങള്‍ക്കാകട്ടെ അവര്‍ക്ക് പ്രത്യേകമായ ഒരു സദാചാരവും സംസ്‌ക്കാരവുമാണുള്ളത്. അത് കൊണ്ട് ഗ്രീക്കുകാരുടെ സമുദായാചാരങ്ങളെയും സംസ്‌കാരങ്ങളെയും പ്രകാശിപ്പിക്കുന്ന കലകളെ പകര്‍ത്തേണ്ട ആവശ്യമില്ലെന്ന് കരുതിയത് കൊണ്ടാവാം മുസ്ലീംങ്ങള്‍ ഗ്രീക്കുകാരുടെ നാടകങ്ങളെ അറബിയിലേക്ക് പകര്‍ത്താതിരുന്നത്.
പശ്ചാത്ത്യ രീതിയിലുള്ള ഡ്രാമ ആദ്യമായി മുസ്ലിങ്ങളുടെയിടയില്‍ പ്രചരിപ്പിച്ചത് നെപ്പോളിയനായിരുന്നു. നെപ്പോളിയന്‍ പട്ടാളക്കാരുടെ വിനോദത്തിന് വേണ്ടി ഫ്രഞ്ച് നാടകങ്ങള്‍ ഈജിപ്തില്‍ അരങ്ങേറിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് അറബികളുടെയിടയില്‍ നാടകങ്ങള്‍ക്ക് പ്രചുര പ്രചാരം സിദ്ധിച്ചത്. സിറിയയില്‍ നിന്നാണ് ഈ പരിഷ്‌ക്കാരം ഈജിപ്തിലേക്ക് കടന്നുവന്നത്.
സൂയസ് കനാലിന്റെ പണി പൂര്‍ത്തിയായി അതിന്റെ ഉദ്ഘാടന വേളയില്‍ അന്നത്തെ ഭരണാധികാരിയായിരുന്ന ഇസ്മായില്‍ പാഷാ പാശ്ചാത്ത്യ നാടക സംഘങ്ങളെ വിളിച്ച് വരുത്തി നാടകം അഭിനയിപ്പിച്ചു. അതിന് ശേഷം ക്രമേണ അറബികളുടെയിടയില്‍ നാടകമെഴുത്തുകാരും വര്‍ധിച്ച് വന്നു. ഒട്ടനവധി നാടകങ്ങള്‍ പാശ്ചാത്ത്യ ഭാഷകളില്‍ നിന്നും അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു. ആധുനിക കാലത്തെ അറബി സാഹിത്യകാരന്മാരില്‍ സുപ്രസിദ്ധരായ മത ഭക്തന്മാര്‍ പോലും അറബി ഭാഷയില്‍ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ സുപ്രസിദ്ധനാണ് അഹമ്മദ് ഷൗഖ്…
ആധുനിക നാടക വേദിയുടെ ആദിസൃഷ്ടാവ് ഹെന്‍ട്രിക് ഇബ്‌സനാണ്. ഇബ്‌സന്റെ നാടകത്തില്‍ ആദ്യമായി ചിത്രീകരിച്ചിരുന്നത് ദേവീ ദേവന്മാരെയും അത്ഭുതകരമായ മനുഷ്യ മഹത്വത്തെ കുറിച്ചുമായിരുന്നു. പിന്നീട് അദ്ദേഹം തന്റെ നിലപാട് മാറ്റുകയും സാധാരണക്കാരെയും, സാമുദായിക യഥാര്‍ത്ഥ്യങ്ങളെയും ജനങ്ങളുടെ മുമ്പാകെ പ്രദര്‍പ്പിക്കുകയും ചെയ്തു. പ്രേതങ്ങളേയും ദുഷ്ട ശക്തികളേയും രംഗത്ത് ആവിഷ്‌കരിച്ചു. അഭൂതപൂര്‍വ്വമായ ഈ പ്രവൃത്തി വിശ്വനാടകവേദിയില്‍ ഒരു മഹത്തായ വിപ്ലവം തന്നെ സൃഷ്ടിച്ചു. അന്ധവിശ്വാസത്തിന്റെയും അജ്ഞതയുടെയും പിടിവാദത്തിനുള്ളില്‍ നിന്നും പുറത്ത് കടക്കാന്‍ സാധിക്കാത്ത യാഥാസ്ഥിതികര്‍ ഇബ്‌സനെ ഭ്രാന്തനെന്നും അവിശ്വാസിയെന്നും അധിക്ഷേപിച്ചപ്പോള്‍ മുസ്ലിം നാടകലോകം ഇബ്‌സനെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. ഇബ്‌സന്റെ പല നാടകങ്ങളും അറബി ഭാഷയിലേക്ക് മൊഴി മാറ്റം നടത്തപ്പെട്ടു. ഇബ്‌സനെ അനുകരിക്കാത്ത കലാകാരന്മാര്‍ ലോകത്തന്നുമിന്നുമുണ്ടായിട്ടില്ല. ലോകത്തിന്റെ നാനാഭാഗങ്ങളിലും ആധുനിക രീതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന നാടകങ്ങളും അതിന്റെ കര്‍ത്താക്കളും ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഇബ്‌സനോടാണ്. കേരളത്തില്‍ തന്നെയുള്ള ഏറ്റവും നല്ല നാടക രചയിതാക്കള്‍ ഈ യഥാര്‍ത്ഥ്യം ഏറ്റ് പറഞ്ഞവരാണ്. കെ.ടി മുഹമ്മദും ഇബ്രാഹിം വേങ്ങര തുടങ്ങി മുസ്ലീങ്ങളായ പലരും നാടകത്തിന് വലിയ സംഭാവന ചെയ്തവരാണ്.