കാസര്‍കോട്: മാന്യയിലെ കെ.സി.എ സ്റ്റേഡിയത്തില്‍ ഫ്‌ളഡ്‌ലൈറ്റും പവലിയനും അടക്കം അനുബന്ധ സൗകര്യങ്ങള്‍ താമസിയാതെ തന്നെ യാഥാര്‍ത്ഥ്യമാക്കുന്നതിനും ക്രിക്കറ്റിനോട് താല്‍പര്യമുള്ള കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതിന് ഡേ സ്‌കോളര്‍ അക്കാദമി സ്ഥാപിക്കുന്നതിനും മുന്‍കൈയെടുക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷററായി ചുമതലയേറ്റ ശേഷം കാസര്‍കോട്ട് തിരിച്ചെത്തിയ കെ.എം അബ്ദുല്‍റഹ്മാന്‍ ഉത്തരദേശത്തോട് പറഞ്ഞു. മാന്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം കിടയറ്റതാണ്. എന്നാല്‍ ഇത് പൂര്‍ണ്ണമാവണമെങ്കില്‍ ഫ്‌ളഡ്‌ലൈറ്റും പവലിയനും അടക്കമുള്ള സൗകര്യങ്ങള്‍ കൂടി വരണം. ഇവ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന വിദേശ ടീമുകളെ ഇവിടെ കളിപ്പിക്കാനുള്ള ശ്രമം നടത്തും. തിരുവനന്തപുരം, വയനാട് അടക്കമുള്ള സ്റ്റേഡിയങ്ങളില്‍ വിദേശ ടീമുകള്‍ കളിച്ചിട്ടുണ്ട്. 14 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ക്രിക്കറ്റില്‍ വളരാനുള്ള വഴിയൊരുക്കുന്നതിന് ഡേ സ്‌കോളര്‍ അക്കാദമി കാസര്‍കോട് കേന്ദ്രീകരിച്ച് ആരംഭിക്കുകയാണ് തന്റെ വലിയൊരു ആഗ്രഹം. ഇതിന് വേണ്ടി എല്ലാ ശ്രമങ്ങളും നടത്തും. കുട്ടികളെ അക്കാദമിയില്‍ താമസിപ്പിച്ച് വിദഗ്ധ കോച്ചുമാരുടെ പരിശീലനം നല്‍കുന്നതിനാണ് ഇത്തരം അക്കാദമികള്‍ സ്ഥാപിക്കുക. രഞ്ജിതാരം മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കം ഇത്തരം അക്കാദമിയിലൂടെ വളര്‍ന്നുവന്നവരാണ്. കാസര്‍കോട്ട് ഇന്‍ഡോര്‍ പ്രാക്ടീസ് വിക്കറ്റ് സ്ഥാപിക്കുന്നതിനും തന്റെ ഭാഗത്ത് നിന്ന് ആത്മാര്‍ത്ഥമായ ശ്രമമുണ്ടാകും. മഴക്കാലത്തും പ്രാക്ടീസിന് ഇത്തരം സംവിധാനങ്ങള്‍ ഏറെ ഉപകാരപ്രദമാണെന്ന് അബ്ദുല്‍റഹ്മാന്‍ പറഞ്ഞു.