കാസര്‍കോട്: രാത്രികാലങ്ങളില്‍ ആവശ്യത്തിന് കെ.എസ്.ആര്‍.ടി. ബസുകള്‍ സര്‍വ്വീസ് നടത്താത്തത് ദേശീയപാത യാത്രക്കാരെ പെരുവഴിയിലാക്കുന്നു. രാത്രി എട്ട് മണികഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ പിന്നിട്ട ശേഷമാണ് കാസര്‍കോട്ട് നിന്ന് ദേശീയപാതവഴി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസുള്ളത്. രാത്രി 8 മണിക്കും 8.30നും ഇടയില്‍ കാസര്‍കോട്ട് നിന്നും ദേശീയപാതവഴി കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്‍.ടി ബസ് ഷെഡ്യൂള്‍ പ്രകാരമുണ്ടെങ്കിലും പല ദിവസങ്ങളിലും ഈ ബസ് ഓടാറില്ല. ദേശീയ പാതവഴി രാത്രിയില്‍ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ടവരുടെ തിരക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് രാത്രി 8 മണിക്ക് ശേഷമാണ്. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലും പുതിയ ബസ് സ്റ്റാന്റിലും ഈ സമയം യാത്രക്കാര്‍ ഏറെയുണ്ടാകാറുണ്ട്. എന്നാല്‍ ദേശീയപാത വഴിയുള്ള യാത്രക്കാര്‍ ഒരു മണിക്കൂറിലധികം രണ്ടിടങ്ങളിലും ബസ് കാത്തു നില്‍ക്കേണ്ട ഗതികേടിലാണ്. ഇടയ്ക്ക് ബസില്ലാത്തതിനാല്‍ യാത്രക്കാരുടെ എണ്ണം പെരുകുകയും രാത്രി 9 മണിക്ക് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നിന്ന് പുറപ്പെടുന്ന കോഴിക്കോട് എയര്‍പോര്‍ട്ട് ബസില്‍ അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.
യാത്രക്കാരെ കുത്തിനിറച്ചുള്ള രാത്രിയിലെ ബസ് യാത്ര ദുഷ്‌കരമാകുകയാണ്. അതേ സമയം കാസര്‍കോട്ട് നിന്ന് ചന്ദ്രഗിരി പാലം വഴി കാഞ്ഞങ്ങാട്ടേക്കും മംഗളൂരുവിലേക്കും യഥേഷ്ടം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നതിനാല്‍ ഈ റൂട്ടുകളിലെ രാത്രി യാത്രക്കാര്‍ക്ക് ക്ലേശം നേരിടേണ്ടി വരുന്നില്ല. രാത്രി 8 മണിക്ക് ശേഷവും 5 മിനിട്ടും 10 മിനിട്ടും ഇടവിട്ട് ചന്ദ്രഗിരി പാലം വഴി ബസുകള്‍ പോകുന്നു. ഈ ബസുകളില്‍ യാത്രക്കാരുടെ തിരക്കും കുറവാണ്. എന്നാല്‍ ദേശീയ പാത വഴി പോകേണ്ട യാത്രക്കാരെ രാത്രിയില്‍ ഏറെനേരം മഴയിലും മഞ്ഞിലും നിര്‍ത്തി ദുരിതത്തിലേക്ക് തള്ളിവിടുന്ന സമീപനമാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ സ്വീകരിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനും ഗതാഗതവകുപ്പിനും നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും ഒരു ഫലവുമില്ല. പ്രതികരിക്കേണ്ട രാഷ്ട്രീയ- സാമൂഹ്യ സംഘടനകളും മൗനത്തിലാണ്.