കൊച്ചി: സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രഥമ സംസ്ഥാന സെന്റര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍-10 വിഭാഗത്തില്‍ ഫൈനലില്‍ കാസര്‍കോടിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ എറണാകുളം വിജയം ചൂടുകയായിരുന്നു. സെമിയില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു കാസര്‍കോട് സ്‌കോര്‍ലൈന്‍ അക്കാദമി ടീം തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയത്. എല്ലാ കളികളിലും മികച്ച പ്രകടനം കാഴ്ച വെച്ച അഫ്ഹാം ടൂര്‍ണ്ണമെന്റിലെ എമര്‍ജിംഗ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടു. മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ അബ്ദുല്‍ റഹ്മാന്റെ മകനായ അഫ്ഹാം ഉളിയത്തടുക്ക ജയ്മാതാ സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിയാണ്. ഫൈനല്‍ അടക്കം അഞ്ചു കളികളില്‍ നിന്നായി എട്ടു ഗോളുകളാണ് അഫ്ഹാം നേടിയത്. കാഞ്ഞങ്ങാട് ചിത്താരിയിലെ അമര്‍ബിനും ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. മഹ്ത്തബ് റാസില്‍ മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ പരിശീലകന്‍ ജാവോ പെഡ്രോ ട്രോഫി സമ്മാനിച്ചു.