ആധുനിക ക്രിക്കറ്റിലെ മിന്നും താരം, ബാറ്റിങ്ങിലെ പലപല റിക്കാര്‍ഡുകളുടേയും തോഴന്‍, ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയിരിക്കുന്നു. ഒന്നര പതിറ്റാണ്ടുകാലം ക്രിക്കറ്റ് മൈതാനിയെ പ്രചോദിപ്പിച്ച ഈ പഴയ ഇന്ത്യന്‍ തറവാട്ടുകാരന്‍ ഒട്ടുമിക്ക റിക്കാര്‍ഡുകളും മറികടന്നാണ് ദേശീയ ടീമില്‍ നിന്ന് വിരമിച്ചിരിക്കുന്നത്. എളിമയുടേയും സൗഹാര്‍ദ്ദത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും പ്രതീകമായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടീമില്‍ അംല. ക്രിക്കറ്റിന്റെ മൂന്ന് കാറ്റഗറിയിലും ടെസ്റ്റിലും ഏകദിനത്തിലും ട്വന്റിയിലും റിക്കാര്‍ഡുകളുടെ പെരുമഴ പെയ്യിച്ചാണ് പടിയിറങ്ങുന്നത്. എന്റെ വിദ്യാഭ്യാസ കാലത്ത് പാക് ഹോക്കി ടീം അംഗമായിരുന്നു. ഏതൊരു അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റിലും കളി ജയിച്ചാന്‍ ഉടന്‍ കളം വിടുമ്പോള്‍ മൈതാനിയില്‍ തലകുനിച്ച് സുജൂദ് ചെയ്ത് ദൈവത്തിന് നന്ദി പ്രകാശിപ്പിക്കല്‍ അവരുടെ സ്ഥിരം ശൈലിയായിരുന്നു. കളിക്കളത്തിലെ മികവിനോടൊപ്പം തന്റെ അചഞ്ചലമായ വിശ്വാസവും ഹാഷിം അംലയെ ക്രിക്കറ്റ് ലോകത്ത് വ്യത്യസ്തനാക്കുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ സ്‌പേണ്‍സര്‍മാരായ കാസില്‍ ലാഗര്‍ മദ്യകമ്പനിയുടെ ലോഗോ ആലേഖനം ചെയ്ത ജേഴ്‌സി അണിയാതെ മൈതാനിയിലിറങ്ങുന്ന അംല വിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഉത്തമ ഉദാഹരണമായി മാറി. ഇക്കാരണം കൊണ്ട് എല്ലാ മത്സരത്തിലും ഒരു നിശ്ചിത തുക പിഴയായി നല്‍കുന്നു കളിക്കാനിറങ്ങുന്ന അംല.
പല അന്താരാഷ്ട്ര മത്സരങ്ങളിലും റമദാന്‍ മാസത്തിലെ വ്രതം അനുഷ്ടിച്ചാണ് അംല ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും തിളങ്ങിയിട്ടുള്ളത്. ടീം മീറ്റിംഗ് സന്ധ്യയ്ക്ക് ഏഴ് മണിക്ക് നിശ്ചയിച്ചിട്ടുണ്ടായിരുന്നത് ഹാഷിമിന്റെ അഭ്യര്‍ത്ഥന മാനിച്ച് രാത്രി ഒമ്പത് മണിയിലേക്ക് മാറ്റിവെച്ചു. സന്ധ്യാ നമസ്‌കാരത്തിന്റെയും രാത്രി നമസ്‌കാരത്തിന്റെയും ആവശ്യത്തിന് വേണ്ടിയായിരുന്നു അത്. ആഡംബരവും പണവും വാത് വെപ്പും അരങ്ങ് തകര്‍ക്കുന്ന ക്രിക്കറ്റ് ലോകത്ത് മത്സര ശേഷം താരങ്ങളും ഒഫീഷ്യലുകളും നിശാപാര്‍ട്ടികള്‍ക്കും മറ്റു സുഖലോപനത്തിനുമായി പോകുമ്പോള്‍ നേരെ തന്റെ മുറിയിലേക്ക് പോകുന്ന അംല നമസ്‌കാരം നിര്‍വ്വഹിച്ചുകൊണ്ട് പ്രാര്‍ത്ഥനാ നിരതനായിരിക്കുന്നത് ടീമംഗങ്ങളില്‍ പലരും അത്ഭുതത്തോടേയും കൗതുകത്തോടേയുമാണ് നോക്കികാണാറ്. രാവിലെ നമസ്‌കാരത്തിന് ശേഷം അരമണിക്കൂറെങ്കിലും ഖുര്‍ആന്‍ പാരായണം അംലയുടെ ശീലമായിരുന്നു. സൗത്താഫ്രിക്കന്‍ ടീമിന്റെ മുഖ്യഘടകമായ ഡെയ്ന്‍ സ്റ്റെയിന്‍ മിക്കപ്പോഴും അംലയുടെ ഖുര്‍ആന്‍ പാരായണം അടുത്തിരുന്ന് ശ്രദ്ധയോടെ കേള്‍ക്കുക പതിവായിരുന്നു. എന്റെ എല്ലാ സങ്കടങ്ങളും മാനസിക സംഘര്‍ഷങ്ങളും അംലയുടെ ഖുര്‍ആന്‍ പാരായണം കേള്‍ക്കുമ്പോള്‍ അലിഞ്ഞ് ഇല്ലാതാവുന്നു-സ്റ്റെയിന്‍ അഭിപ്രായപ്പെടുന്നതിങ്ങനെയാണ്.
ക്രീസിലെ സൗമ്യ സാന്നിധ്യവും ദൈവഭക്തിയും ഒരുപോലെ ബഹളങ്ങളില്ലാതെ ഓരോ റെക്കോര്‍ഡുകളും വെട്ടിപ്പിടിച്ചാണ് അതേ നിശ്ശബ്ദതയോടെ അന്താരാഷ്ട്ര ക്രിക്കറ്റിനോടും വിട ചൊല്ലുന്നത്. സൗത്താഫ്രിക്കയുടെ ടെസ്റ്റ് തലത്തിലെ എക്കാലത്തേയും മികച്ച രണ്ടാമത്തേയും ഏകദിനത്തിലെ മൂന്നാമത്തേയും റണ്‍വേട്ടക്കാരനായാണ് പാഡഴിച്ചത്. നിത്യജീവിതത്തിലെ ക്ഷമാശീലന്‍ പക്ഷെ ക്രിക്കറ്റ് പിച്ചില്‍ അത്ര ക്ഷമിക്കുന്നവനായിരുന്നില്ല. വേഗത്തില്‍ 2000, 3000, 4000, 5000, 6000, 7000 ഏകദിന റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡ് അംലയുടെ പേരിലാണ്. ടെസ്റ്റിലും ഏകദിനത്തിലും 25ലധികം സെഞ്ച്വറികള്‍ സ്വന്തമായുള്ള അഞ്ച് താരങ്ങളില്‍ ഒരാളാണ് അംല. സച്ചിന്‍, പോണ്ടിംഗ്, കോഹ്‌ലി, സംഗക്കാര എന്നിവരാണ് ഈ ക്ലബ്ബിലെ മറ്റ് കണ്ണികള്‍. ഡിവില്ലേഴ്‌സിനൊപ്പം ടെസ്റ്റിലും ഏകദിനത്തിലും 45 റണ്‍സ് ശരാശരിയില്‍ 8000 റണ്‍സ് സ്‌കോര്‍ ചെയ്ത ഒരേയൊരു കളിക്കാരന്‍ എന്നതും മറ്റനവധി റെക്കോര്‍ഡുകളുമാണ് നിലവില്‍ അംലയുടെ പേരിലുള്ളത്.
ഇടക്കാലത്ത് അല്‍പം നിറം മങ്ങിയെങ്കിലും അംല സ്ഥാപിച്ച പല റിക്കാര്‍ഡുകള്‍ക്കും ഇന്നും ഇളക്കം സംഭവിച്ചിട്ടില്ല. ഈ ദശകത്തിന്റെ തുടക്കം അംലയുടെതായിരുന്നു എന്ന് പറയുന്നതാവും ശരി. 2010-14 കാലയളവില്‍ 70 ഇന്നിങ്ങ്‌സില്‍ ശരാശരി 66 റണ്‍സായിരുന്നു. ഓരോ 4.4 ഇന്നിംഗ്‌സിലും അംല സെഞ്ച്വറിയടിച്ച് കൊണ്ടിരുന്നു. അതേ കാലയളവില്‍ വിദേശമണ്ണിലെ റെക്കോഡാണ് അത്ഭുതപ്പെടുത്തുന്നത്. 20 ടെസ്റ്റുകളില്‍ നിന്നായി 10 സെഞ്ച്വറികള്‍ സഹിതം 2253 റണ്‍സ്. ശരാശരി 75.10.
അക്കാലയളവില്‍ കളിച്ച 15ല്‍ 10 പരമ്പരയിലും സൗത്താഫ്രിക്ക വിജയപീഠം കയറി. ഒരു ദശക്കാലം ദക്ഷിണാഫ്രിക്കയുടെ മൂന്നാം നമ്പറിലെ വിശ്വസ്തനായിരുന്നു അംല. ആരംഭകാലത്തിലെ വിക്കറ്റ് വീഴ്ചയുടെ ഘട്ടങ്ങളിലും ഒരു വശത്ത് പാറപോലെ ഉറച്ച് നില്‍ക്കുന്ന അദ്ദേഹത്തിന്റെ മുതുകിലേറിയായിരുന്നു ഒന്നര ദശകക്കാലം പ്രോട്ടിയാസിന്റെ ഇന്നിംഗ്‌സിന്റെ മിന്നും കുതിപ്പ്.
ആദ്യകാലത്ത് ഏകദിനവും ട്വന്റി-20യും അംലക്ക് അപ്രാപ്യമായിരുന്നു. ടെസ്റ്റില്‍ മാത്രമായി തളച്ചിട്ടിരിക്കുകയായിരുന്നു. ടെസ്റ്റ് അരങ്ങേറ്റത്തിന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഏകദിന ടീമിലേക്ക് വാതില്‍ തുറന്നത്. സൗത്താഫ്രിക്കന്‍ ടീമിലെ മറ്റേതൊരു താരത്തെക്കാളും മികവാര്‍ന്ന പ്രകടനം കാഴ്ച വെച്ച ശേഷം ഏകദിനത്തിലെ ഓരോ റെക്കോര്‍ഡുകള്‍ താരം തകര്‍ക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. 2010-17 കാലയളവില്‍ അംല അടിച്ചുകൂട്ടിയത് 6533 റണ്‍സ്. ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി മാത്രമായിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍. പക്ഷെ 51 മത്സരങ്ങള്‍ കൂടുതല്‍ കളിച്ചാണ് ഇത്രയും റണ്‍ വാരിക്കൂട്ടിയത്. ടെസ്റ്റില്‍ മൂന്നാമതായി ഇറങ്ങുന്ന അംല ഏകദിനത്തില്‍ ഏറ്റവും അപകടകാരിയായ ഓപ്പണറായി മാറും. ഓപ്പണറായി ഇറങ്ങി 27 സെഞ്ച്വറികള്‍ കുറിച്ച അംല സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (45), ജയസൂര്യ (28) എന്നിവര്‍ക്ക് ശേഷം ഈ പൊസിഷനില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ കുറിച്ച ബാറ്റ്‌സ്മാനാണ്. കഴിഞ്ഞ ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ അവസാന മത്സരത്തില്‍ 80 റണ്‍സോടെ അംല പുറത്താകാതെ നിന്നിരുന്നു. ക്രിക്കറ്റിനെ ജന്റില്‍മാന്‍ കളി എന്ന് ഇംഗ്ലീഷുകാര്‍ വിളിച്ചത് ഹാഷിം അംലയെന്ന ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പിറവിയോടെയായിരിക്കണം. ക്രീസിലും കരിയറിലും ക്രിക്കറ്റ് പുറത്തെ ജീവിതത്തിലും മാന്യതയുടെ ആള്‍രൂപം. ഇന്ത്യയിലെ ഗുജറാത്ത് സൂറത്ത് ജില്ലയിലെ ആള്‍വാറില്‍ നിന്ന് മൂന്ന് തലമുറ മുമ്പ് കുടിയേറിയ പാവപ്പെട്ട മുസ്ലിം കുടുംബത്തില്‍ പിറന്ന് ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്ററും അചഞ്ചലമായ വിശ്വാസിയും മനുഷ്യനുമെന്ന വിലാസം കുറിച്ചാണ് ബാറ്റിംഗ് വന്‍ മതില്‍ ക്രീസ് വിടുന്നത്. അംലയുടെ വിടവാങ്ങലോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ റിക്കാര്‍ഡിനായി ഇനി ആരോട് പോരടിക്കും എന്ന അവസ്ഥയിലാകും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇപ്പോള്‍.
കരിയര്‍ കാര്‍ഡ്: ജന്മസ്ഥലം സൗത്താഫ്രിക്കയിലെ ഡര്‍ബന്‍. പ്രായം: 36. ബാറ്റിംഗ് സ്റ്റൈല്‍: വലംകയ്യന്‍ബാറ്റ്‌സ്മാന്‍. റാങ്ക്: ടെസ്റ്റ്-23, ഏകദിനം-16, ട്വന്റി-20-23.
പ്രധാന ടീമുകള്‍: കേപ് കോബ്രാസ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ദക്ഷിണാഫ്രിക്കന്‍ ദേശീയടീം.