കാസര്‍കോട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിയുമായി സഹകരിച്ച് ഈ മാസം 19, 20, 21 തീയതികളില്‍ കാസര്‍കോട്ട് ‘ഓണനിലാവ്’ എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബു, നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ഡി.ടി.പി.സി. സെക്രട്ടറി ബിജു രാഘവന്‍, തിയേറ്ററിക്‌സ് സൊസൈറ്റി സെക്രട്ടറി ടി.എ. ഷാഫി എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 19 ന് വൈകിട്ട് 4.30 മുതല്‍ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തും. എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ജില്ലാ കലക്ടര്‍, അഡീഷണല്‍ പൊലീസ് സൂപ്രണ്ട്, എ.ഡി.എം. എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ സൗഹൃദ ഫുട്‌ബോളില്‍ കളിക്കാനിറങ്ങും.
20ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിമുതല്‍ താളിപ്പടുപ്പ് ഗ്രൗണ്ടില്‍ കമ്പവലി മത്സരം നടക്കും. ജില്ലാ കമ്പവലി അസോസിയേഷന്‍, കാസര്‍കോടിനൊരിടം കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം നടത്തുന്നത്. നാല് ടീമുകള്‍ മത്സരിക്കും. സൗഹൃദ മത്സരവും ഉണ്ടാവും. ജേതാക്കള്‍ക്ക് 5,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2500 രൂപയും സമ്മാനിക്കും.
21ന് വൈകിട്ട് 6.30 ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ റാഫി-കിഷോര്‍ നൈറ്റ് അരങ്ങേറും. ഷക്കീല്‍ ഗോവയുടെ നേതൃത്വത്തിലുള്ള ഗായക സംഘം അണിനിരക്കും. കാസനോവ കാസര്‍കോട്, തളങ്കര റാഫി മഹല്‍ എന്നിവയുടെ സഹകരണത്തോടെയാണ് റാഫി-കിഷോര്‍ നൈറ്റ് സംഘടിപ്പിക്കുന്നതെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു.