ബദിയടുക്ക: കാല്‍നട യാത്ര പോലും ദുഷ്‌കരമാക്കി തകര്‍ന്ന് തരിപ്പണമായ ബദിയടുക്ക-ഏത്തടുക്ക-കിന്നിംഗാര്‍ സംസ്ഥാന പാതയുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ജനകീയ സമരം ശക്തമാകുന്നു. തകര്‍ന്ന റോഡ് നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉച്ചവരെ ഇതുവഴിയുള്ള വാഹനഗതാഗതം നേരപ്പാടിയില്‍വെച്ച് സ്ത്രീകളുള്‍പ്പെടെയുള്ള സംഘം മണിക്കൂറുകളോളം തടഞ്ഞു. എം.എല്‍.എ, പി.ഡബ്ല്യൂ.ഡി, ജില്ലാകലകടര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് വീട്ടമ്മമാര്‍ സമരവുമായി തെരുവിലിറങ്ങിയത്. രോഗികളെ ആസ്പത്രിയിലെത്തിക്കാനും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും ഉള്‍പ്പെടെ വര്‍ഷങ്ങളായി ഏറെ ദുരിതമാണ് ഈ പ്രദേശത്തുകാര്‍ അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടരവയസ്സുകാരന്‍ പാമ്പുകടിയേറ്റപ്പോള്‍ മരണത്തിന് കീഴടങ്ങേണ്ടിവന്നത് രാത്രി ഇതുവഴി ആസ്പത്രിയിലെത്തിച്ച് മതിയായ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്തതിനാലാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ബദിയടുക്ക-ഏത്തടുക്ക-കിന്നിംഗാര്‍ സംസ്ഥാന പാത മുഴുവന്‍ തകര്‍ന്ന് ചെറുവാഹനങ്ങളുടെ ടയറുകള്‍ മുഴുവന്‍ താഴ്ന്ന് പോകുന്നത്രയും കുഴികളും അതില്‍ മഴപെയ്തപ്പോഴുള്ള വെള്ളവും കെട്ടികിടക്കുകയാണ്. സമീപത്തുള്ള ക്വാറിയില്‍ നിന്ന് നിയമം ലംഘിച്ച് സ്‌കൂള്‍ സമയത്ത് പോലും വലിയ ടിപ്പറുകള്‍ ഇതുവഴി ചീറിപ്പാഞ്ഞതാണ് റോഡ് ഇത്തരത്തില്‍ തകരാന്‍ കാരണമായെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇരുപത്തിരണ്ടോളം ടിപ്പറുകള്‍ ദിവസവും മുന്ന് നാലു തവണയെങ്കിലും അനുവദിച്ചതിലുമധികം ഭാരംകയറ്റി ഇതുവഴി കടന്ന് പോകുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. വലിയവാഹനങ്ങള്‍ക്ക് വഴിമാറികൊടുക്കുമ്പോള്‍ ചെറുവണ്ടികള്‍ കുഴികളില്‍പ്പെട്ട് അപകടത്തിന് കാരണമാകുന്നത് ഇവിടെ നിത്യസംഭവമാണ്. മഴവെള്ളം ഒഴുകിപോകാന്‍ ആവശ്യമായ ഓവുചാലുകളോ ഒന്നും തന്നെയില്ലാത്തത് റോഡ് തകര്‍ച്ചയുടെ വേഗം കൂട്ടുന്നതായി ആരോപണമുണ്ട്. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ പി.ഡബ്ല്യൂ.ഡി ഓഫീസുകള്‍ ഉള്‍പ്പെടെ ഉപരോധിച്ച് സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ് ജനകീയ സമരസമിതി. എന്‍മകജെ പഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗം വൈ.ശശികല, എ.സി. സ്വര്‍ണ്ണലത, ലതകുമാരി, ലാവണ്യ, നബീസ തുടങ്ങിയവര്‍ റോഡ് ഉപരോധത്തില്‍ പങ്കെടുത്തു.