തൃക്കരിപ്പൂര്‍: പശ്ചിമഘട്ട മേഖലയുടെ ജൈവ സമ്പന്നതയുടെ സാന്നിധ്യത്തിന്റെ ചിറകടിയുമായി ഗരുഡശലഭം പറന്നു പൊങ്ങിയപ്പോള്‍ കുരുന്നുകളുടെ ആഹ്ലാദത്തിന് അതിരുകളുണ്ടായിരുന്നില്ല. മഞ്ഞയും കറുപ്പും നിറത്തില്‍ ചുവന്ന കുത്തുകളോടെ പക്ഷിയെപ്പോലെ ശലഭം പറന്നകന്നപ്പോള്‍ കുട്ടികള്‍ക്കത് അപൂര്‍വ ദൃശ്യവിരുന്നായി. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള പൂമ്പാറ്റയായ ഗരുഡശലഭത്തെപ്പറ്റി കൗതുകവും പുതിയ അറിവുകളും നിറഞ്ഞു തുളുമ്പിയ നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചത്.
ഇടയിലക്കാട് കാവും പരിസരവും കേന്ദ്രീകരിച്ചായിരുന്നു നിരീക്ഷണം.19 സെന്റിമീറ്റര്‍ വരെ വലിപ്പമുള്ളതാണ് പക്ഷിച്ചിറകന്‍ അഥവാ സതേണ്‍ ബേഡ് വിങ്ങ്. ഈ കൂറ്റന്‍ ചിത്രശലഭത്തിന്റെ ലാര്‍വയുടെ പ്രധാന ആഹാരം വിഷഹാരിയായ ഉറിതൂക്കി എന്ന ഔഷധ സസ്യത്തിന്റെ ഇലകളാണ്. ഒട്ടേറെ ഔഷധങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉറിതൂക്കിയുടെ സാന്നിധ്യം വ്യാപകമായതിനാല്‍ ഇടയിലെക്കാട് പ്രദേശത്ത് ഗരുഡശലഭത്തിന്റെ എണ്ണവും കൂടുതലാണ്.
ഗരുഡശലഭത്തിന് പുറമെ നിരീക്ഷണത്തിനിടയില്‍ വങ്കണ നീലി, വിറവാലന്‍, തകരമുത്തി, ചക്കര ശലഭം, നാരകക്കാളി, പൊട്ടുവാലാട്ടി, കരിയില ശലഭം തുടങ്ങിയ ഇരുപതോളം ഇനത്തില്‍പ്പെട്ട പൂമ്പാറ്റകളെയും തിരിച്ചറിഞ്ഞു. ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ അനുകരണ നിറങ്ങള്‍ സ്വീകരിച്ച മിമിക്രി ശലഭങ്ങളെയും കുട്ടികള്‍ കണ്ടെത്തി.
ഡോ. കൊടക്കാട് നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഇടയിലക്കാട് എ.എല്‍.പി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എ. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം, പി. വേണുഗോപാലന്‍, പി.വി. പ്രഭാകരന്‍, കെ. സത്യന്‍, സി.പൃഥ്വിരാജ്, കെ.വി. ആരതി, വൈഗാ സതീശന്‍ എന്നിവര്‍ സംസാരിച്ചു.