കഴിഞ്ഞ രണ്ടാഴ്ചകളിലധികമായി തിരുവനന്തപുരത്ത് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഓഫീസിന് മുന്നില്‍ നടന്ന സമരം പരിമിതമായ ഒരാവശ്യമേ ഉന്നയിച്ചിരുന്നുള്ളു; പി.എസ്.സി നടത്തുന്ന പരീക്ഷകള്‍ക്കുള്ള ചോദ്യങ്ങള്‍ മലയാളത്തില്‍ തയ്യാറാക്കണമെന്ന്. ഭാഷയുടെ അടിസ്ഥാനത്തിലാണ് 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം നിലവില്‍ വന്നത്. മലയാളികളെ മലയാളത്തില്‍ ഭരിക്കുക, അഥവാ, മലയാളത്തില്‍ മലയാളികള്‍ ഭരിക്കപ്പെടുക അതാണ് അര്‍ത്ഥമാക്കുന്നത് എന്ന് വയലാര്‍ എഴുതിയത് സര്‍ക്കാറിന്റെ ഭാഷാ സംസ്ഥാന രൂപീകരണ പ്രഖ്യാപനത്തെക്കുറിച്ചാണ്. അത് വെറുമൊരു പ്രഖ്യാപനത്തിലൊതുങ്ങുന്നു ഇന്നും.
കേരളത്തിലെ പി.എസ്.സി പരീക്ഷ നടത്തുന്നത് കേരളത്തിലെ സര്‍ക്കാരാഫീസുകളില്‍ സേവനമനുഷ്ഠിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥന്മാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണല്ലോ. അവര്‍ക്ക് ഉണ്ടായിരിക്കേണ്ട പ്രാഥമിക യോഗ്യത മലയാള ഭാഷാ പരിജ്ഞാനമായിരിക്കണം. അത് ഉണ്ടോ എന്ന് പരീക്ഷിച്ചറിയുന്നതിനുള്ള ചോദ്യക്കടലാസ് തയ്യാറാക്കേണ്ടത് മലയാളത്തിലല്ലേ? മലയാളത്തിലാക്കിയാല്‍ പരീക്ഷയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടും പോലും! ഇംഗ്ലീഷിലായാല്‍ രഹസ്യ സ്വഭാവം അങ്ങനെത്തന്നെ നില്‍ക്കുമെന്ന് വിചിത്ര ന്യായം. കേരളത്തിലെ പി.എസ്.സി ചെയര്‍മാന്‍ മറുനാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടയാളല്ല; മലയാളിയാണ്. അഥവാ മലയാളികളായ അമ്മയച്ഛന്മാര്‍ക്കുണ്ടായ മകനാണ്. പി.എസ്.സി അംഗങ്ങളായ ഇരുപത്തൊന്ന് പേരും (അതിലധികമോ എന്നറിയില്ല) അങ്ങനെത്തന്നെ: മലയാളികള്‍. പരീക്ഷയെഴുതാനെത്തുന്ന ഉദ്യോഗാര്‍ത്ഥികളും മലയാളികള്‍. പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി യഥാവിധി ഉദ്യോഗസ്ഥരായാല്‍ ഇവരുടെ മുമ്പാകെ ഓരോ കാര്യത്തിനായി വരുന്നവരും മലയാളികള്‍. ആ സ്ഥിതിക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടായിരിക്കേണ്ട പ്രാഥമിക യോഗ്യത-നേരത്തെ പറഞ്ഞ മലയാള ഭാഷാ പരിചയം-പരിശോധിക്കാന്‍ ഇംഗ്ലീഷില്‍ ചോദ്യം ചോദിക്കണം പോലും.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഔദ്യോഗിക ഭാഷാ സമിതി ചെയര്‍മാനായിരുന്ന പാലോട് രവിയുടെ ഒരു ലേഖനം കഴിഞ്ഞ ദിവസം മാതൃഭൂമി പത്രത്തില്‍ വായിക്കാനിടയായി. ഔദ്യോഗിക ഭാഷാ നിയമം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയതെങ്ങനെയെന്ന് അദ്ദേഹം വിവരിച്ചിട്ടുണ്ട്. 2015ല്‍ ബില്‍ ഏകസ്വരത്തില്‍ സഭ അംഗീകരിച്ചു. പിന്നെയും ഒരു കൊല്ലക്കാലം അതേ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുകയുണ്ടായല്ലോ. നിയമസഭ പാസ്സാക്കിയ ബില്ലിന്റെ കോപ്പി ഔദ്യോഗിക കത്ത് സഹിതം പി.എസ്.സി ചെയര്‍മാന് കൈമാറിയിട്ടില്ല എന്ന് വരുമോ? സ്വയം ഭരണാധികാര സ്ഥാപനമായിരിക്കാം പി.എസ്.സി എന്നാല്‍ നിയമസഭ പാസാക്കുന്ന ബില്ല് ധിക്കരിക്കുന്നതാണോ സ്വയം ഭരണാധികാരം? നിയമം പാസാക്കാന്‍ മുന്‍കയ്യെടുത്തവരോ, സര്‍വ്വാത്മനാ അവര്‍ക്കൊപ്പം നിന്ന അന്നത്തെ പ്രതിപക്ഷമോ ഈ ധിക്കാരം അനുവദിച്ചു കൊടുത്തു. അന്നത്തെ പ്രതിപക്ഷം ഇപ്പോള്‍ ഭരണം കയ്യാളുന്നു. നിയമസഭയില്‍ ഈ വിഷയം എപ്പോഴെങ്കിലും പരാമര്‍ശിക്കപ്പെട്ടുവോ?
2015ലെ നിയമത്തിനും മുപ്പത്തിരണ്ട് കൊല്ലം മുമ്പ് വി.എം സുധീരന്‍ അധ്യക്ഷനായ നിയമസഭാ സമിതിയുടെ മൂന്നാമത് റിപ്പോര്‍ട്ടില്‍ത്തന്നെ നിര്‍ദ്ദേശിച്ചിരുന്നുപോലും. എല്ലാ തലത്തിലും മലയാളം ഭരണഭാഷയായി ഉപയോഗിക്കണം കേരളത്തില്‍ എന്ന്. 2011ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു കൊല്ലം കഴിഞ്ഞ് 2012 നവംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷക്കാലം, ഭരണഭാഷാ വര്‍ഷമായി പ്രഖ്യാപിച്ച് തന്റെ പ്രതിബദ്ധത വ്യക്തമാക്കിയ കാര്യവും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. പ്രഖ്യാപിച്ചത് കൊണ്ട് എല്ലാമായി എന്ന് രാഷ്ട്രീയക്കാര്‍ക്ക് വിശ്വസിക്കാം. ഇവരെല്ലാം ആരെയാണ് കബളിപ്പിക്കാന്‍ നോക്കുന്നത്. ‘ചന്തത്തിനായ് സഭകളില്‍ പറയുന്ന ഞായം’ എന്ന് മഹാകവി കുമാരനാശാന്‍ പണ്ട് പാടിയത് ഇത്തരക്കാരെക്കുറിച്ചാണല്ലോ?