ഉപ്പള: ആയുധങ്ങളുടെയും തോക്കിന്റെയും ഉറവിടം തേടി മഞ്ചേശ്വരം പൊലീസ് കര്‍ശന നടപടിക്കൊരുങ്ങുന്നു. ഉപ്പളയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇരു സംഘങ്ങളുടെയും കൈവശം മൂര്‍ച്ചയേറിയ ആയുധങ്ങളും തോക്കുകളും ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആയുധങ്ങളുടെ ഉറവിടം കണ്ടെത്തിയാല്‍ ഇത്തരം ഗുണ്ടാ സംഘങ്ങളെ അടിച്ചമര്‍ത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. ഹിദായത്ത് നഗര്‍, മണിമുണ്ട, ബായാര്‍, പൈവളികെ എന്നിവിടങ്ങളിലെ നിരവധി കേസുകളിലെ പ്രതികള്‍ ഇപ്പോഴും പൊലീസിന് പിടികൊടുക്കാതെ കഴിയുകയാണ്. കഴിഞ്ഞ ദിവസം ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലെ പ്രതികളെ കണ്ടെത്താനായി പൊലീസ് വീടുകളും മറ്റും പരിശോധിച്ചു. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേശന്‍, എസ്.ഐ. അനൂപ് കുമാര്‍ എന്നിരുടെ നേതൃത്വത്തില്‍ പ്രതികളുടെ ഒളിസങ്കേതം കണ്ടെത്താന്‍ പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കയാണ്. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെയാണ് പരിശോധന. പൊലീസ് പരിശോധന തുടരുമ്പോള്‍ പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കുകയാണ് പതിവ്. മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുകയും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും പതിവാണ്. ഇത്തരക്കാര്‍ക്ക് ചില രാഷ്ട്രീയ നേതാക്കളുടെ സ്വാധീനത്താല്‍ രക്ഷപ്പെടുന്നത് പൊലീസിന് തലവേദനയാവുന്നു. അടുത്തിടെയുണ്ടായ അല്‍ത്താഫ് വധം, ഷിറിയയിലെ വ്യാപാരിയെ തട്ടിക്കൊണ്ട് പോയത്, ഹൊസങ്കടിയില്‍ ബദിയടുക്ക സ്വദേശിക്ക് കഴുത്തിന് വെടിയേറ്റത്, മജിര്‍പ്പള്ളയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി അഞ്ചുദിവസത്തോളം തടങ്കലില്‍ വെച്ചത് തുടങ്ങിയ സംഭവങ്ങളുടെ ഞെട്ടല്‍ മാറും മുമ്പെയാണ് കഴിഞ്ഞ ദിവസം ഉപ്പളയില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയത്. ഇത് നാട്ടുകാരെ ഏറെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.