കാസര്‍കോട്: കെ.എസ്.ടി.പി റോഡിലെ ചന്ദ്രഗിരി പാലത്തിന് സമീപത്തെ റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തങ്ങള്‍ മൂന്നംഗ സംഘം നികത്തി. ഇവിടെ വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍ പെടുന്നതും ടയറുകള്‍ കുഴിയില്‍ തട്ടി കീറുകയും പതിവായതോടെയാണ് മൂന്നംഗ സംഘം കുഴികള്‍ നികത്തിയത്. ചെമനാട് കപ്പണടുക്കയിലെ അംഗപരിമിതനായ സൈനുദ്ദീന്റെ മുച്ചക്ര വാഹനത്തില്‍ കല്ലുകള്‍ കൊണ്ട് വന്നാണ് റോഡിലെ കുഴികളിലിട്ട് നികത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സൈനുദ്ദീന്‍ ചെമനാട്ടെ ഹരി, ഇസ്മായില്‍ എന്നിവര്‍ക്കൊപ്പം റോഡിലെ കുഴി അടച്ചത്. അപകടം പതിവായ ഇവിടെ റോഡിലെ കുഴി അടക്കണമെന്ന് അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് സൈനുദ്ദീന്‍ പറഞ്ഞു.