കാസര്‍കോട്: രാത്രി 9 മണികഴിഞ്ഞാല്‍ ദേശീയപാത യാത്രക്കാര്‍ക്ക് കാസര്‍കോട്ട് നിന്ന് ബസ് കിട്ടണമെങ്കില്‍ കാത്തിരിക്കേണ്ടത് 7 മണിക്കൂര്‍. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ദേശീയപാത വഴി പോകേണ്ട അവസാന ബസ് പുറപ്പെടുന്നത് രാത്രി 9 മണിക്കാണ്. കോഴിക്കോട്ടേക്ക് പോകുന്ന എയര്‍പോര്‍ട്ട് ബസ്സാണിത്. ഈ ബസ് പോയാല്‍ പിന്നെ മണിക്കൂറുകള്‍ പിന്നിട്ട് പുലര്‍ച്ചെ 4 മണിക്കാണ് ദേശീയപാത വഴിയുള്ള കെ.എസ്.ആര്‍.ടി.സി ബസ് പുറപ്പെടുന്നത്. ജോലി സംബന്ധമായ കാര്യങ്ങളടക്കം വിവിധ ആവശ്യങ്ങള്‍ക്ക് കാസര്‍കോട് നഗരത്തിലെത്തുന്നവരില്‍ ദേശീയപാതവഴി പോകേണ്ട യാത്രക്കാരുണ്ടെങ്കില്‍ രാത്രി 9 മണികഴിഞ്ഞാല്‍ ബസ്സില്ലാതെ ദുരിതമനുഭവിക്കുന്നത് പതിവുകാഴ്ച്ചയാണ്. മുമ്പ് രാത്രി 9.30 നും 10.30നും പുലര്‍ച്ചെ 12 മണിക്കും കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് ബസ്സുകളുണ്ടായിരുന്നു. ഈ ബസ്സുകളൊക്കെയും ഇപ്പോള്‍ സര്‍വ്വീസ് അവസാനിപ്പിച്ചു കഴിഞ്ഞു. രാത്രി 10 മണിവരെ കാസര്‍കോട്ടു നിന്ന് എത്രയോ സ്വകാര്യ ബസ്സുകള്‍ ദേശീയപാത വഴി സര്‍വ്വീസ് നടത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസുകള്‍ക്കായി സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയാണുണ്ടായത്. ഇപ്പോള്‍ രാത്രി കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും ഇല്ലാതെ യാത്രക്കാര്‍ കടുത്ത ദുരിതമനുഭവിക്കുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലും കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിലും ബസ് കാത്ത് മണിക്കൂറുകളോളം തങ്ങേണ്ടി വരുന്ന യാത്രക്കാരുടെ ദുരവസ്ഥക്ക് നേരെ അധികാരികള്‍ കണ്ണടക്കുകയാണ്. മഴക്കാലത്ത് സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ളവര്‍ തണുത്തുവിറച്ചാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ തങ്ങുന്നത്. ദേശീയപാതവഴി കാഞ്ഞങ്ങാട്ടേക്കെങ്കിലും രാത്രി വൈകി ബസുകള്‍ വേണമെന്ന ആവശ്യം ശക്തമാണ്. കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട്ടേക്കും രാത്രി 9 മണികഴിഞ്ഞാല്‍ ബസില്ലാത്ത സ്ഥിതിയാണ്.