അജ്മാന്‍: യു.എ.ഇയില്‍ തൈ വിതരണത്തിനുള്ള ‘ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്’ ബുക്കില്‍ ഇടംനേടി കാസര്‍കോട് പള്ളം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി. പള്ളം സ്വദേശി ഹാഷിഖ് റഹ്മാന്റെയും സൈനാസിന്റെയും മകള്‍ ഫാത്തിമ തന്‍സീല അടങ്ങിയ ടീമാണ് ഈ നേട്ടം കൊയ്തത്. അജ്മാന്‍ ഹബിറ്റാറ്റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്.
നാല് കാമ്പസുകളിലായി വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ നവംബറില്‍ ഓരോ വിത്ത് വീതം നല്‍കിയിരുന്നു. അതില്‍ നിന്ന് 9,371 മോര്‍ണിംഗ, സെസ്ബിന, ഗാഫ് സസ്യങ്ങള്‍ വളര്‍ന്നു.
തൈകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടാന്‍ സമ്മതം നല്‍കിയ അജ്മാന്‍ മുനിസിപ്പാലിറ്റിയുടെ കാര്‍ഷിക വകുപ്പിന് കൈമാറി.
‘ഒരു വൃക്ഷം വായു, കര, മൃഗങ്ങള്‍, പക്ഷികള്‍, മനുഷ്യര്‍ എന്നിവരെ സഹായിക്കുന്നു. അതിനാല്‍ ഈ ആശയം കൊണ്ടുവന്നപ്പോള്‍ ഞാന്‍ വളരെ സന്തോഷത്തോടെ പങ്കാളിയായി. ഒടുവിലത് ഗിന്നസ് നേട്ടം വരെ എത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്’ -തന്‍സീല സന്തോഷം പങ്കുവെച്ചു.
യു.എ.ഇ യില്‍ രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന ചെയ്യുന്നതിനുള്ള ഞങ്ങളുടെ മാര്‍ഗ്ഗമാണിതെന്നും ഗിന്നസ് റെക്കോര്‍ഡ് നേടുന്നത് അത്തരം നടപടികള്‍ക്ക് പ്രോത്സാഹനമാണെന്നും ഹബിറ്റാറ്റ് സ്‌കൂള്‍ ചെയര്‍മാന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുയിമി പറഞ്ഞു.
ഗിന്നസ് ബുക്കില്‍ ഇടം നേടിയ തന്‍സീലയെ പള്ളം ബ്രദേര്‍സ് ക്ലബ് അഭിനന്ദിച്ചു.