പയ്യന്നൂര്‍: സംസ്ഥാനത്തെമ്പാടും വിവിധ പേരുകളില്‍ പ്രത്യക്ഷപ്പെട്ട് ആളുകളെ വലയിലാക്കുന്ന നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളുടെ തട്ടിപ്പുകള്‍ക്ക് ഇരകളാകാതെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. കാഞ്ഞങ്ങാട് മാവുങ്കാലില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവില്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് തട്ടിപ്പ് നടത്തിയ സംഘത്തിലെ ചിലര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ രത്‌നകുമാര്‍ വ്യക്തമാക്കി. ജനങ്ങളുടെ അറിവില്ലായ്മയും അശ്രദ്ധയുമാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുന്നത്. അധ്വാനിക്കാതെ എളുപ്പത്തില്‍ പണമുണ്ടാക്കുന്നതിന് വേണ്ടിയാണ് പലരും ഇങ്ങനെയുള്ള തട്ടിപ്പുകള്‍ക്ക് മുന്നിട്ടിറങ്ങുന്നത്. മണിചെയിന്‍ മാതൃകയിലുള്ള നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങുകള്‍ നിരോധിച്ചിരുന്നു. ഇതിനെ മറികടക്കാന്‍ സാധനങ്ങള്‍ നല്‍കികൊണ്ടുള്ള മാര്‍ക്കറ്റിങ്ങാണ് നടക്കുന്നത്. ആകര്‍ഷകമായി സംസാരിക്കാന്‍ കഴിവുള്ളവരെ ഡയറക്ടര്‍മാരാക്കിയാണ് ഇരകളെ ഇത്തരം സംഘങ്ങള്‍ കെണിയില്‍ വീഴ്ത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.