വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പിനൊരുങ്ങുകയാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലം. ജനാധിപത്യഭാരതം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. പി.ബി.അബ്ദുറസാഖ് എന്ന റദ്ദുച്ചയുടെ ആകസ്മിക വിടവാങ്ങലാണ് ഒരു ഉപതിരഞ്ഞെടുപ്പിലേക്ക് തുളുദേശത്തെ എത്തിച്ചത്. മാണിസാറിന്റെ വിയോഗം തീര്‍ത്ത പാലായുടെ വിടവ് പെട്ടെന്ന് നികത്താന്‍ ഭരണസംവിധാനങ്ങളൊരുങ്ങുന്നത് തന്നെ താമരകൃഷിക്ക് പാകമായിട്ടുണ്ടോ കേരളം എന്ന പരീക്ഷണത്തിന് കൂടിയാണ്. ശബരിമല നിരകളില്‍ നിന്ന് ഒഴുകിവന്ന ”വളമണ്ണി”ന് പാലായില്‍ ഈ കൃഷിയെ പരിപോഷിപ്പിക്കാന്‍ കഴിയുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷ യഥാസ്ഥാനത്താണെങ്കില്‍ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് ഗാഥയൊരുക്കാന്‍ കേന്ദ്രഭരണ താല്‍പര്യത്തിനൊപ്പം നില്‍ക്കുന്നവര്‍ അധികം താമസിക്കില്ല എന്നുറപ്പിക്കാം.
കോഴിക്കെട്ടിന്റെ പെരുമപെറ്റ നാട്ടില്‍ കോഴിപ്പോരിന്റെ വാശിയും വീറും കാണിച്ചത് സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ്. ഉടമസ്ഥന്റെ വികാരതയോടെ പാര്‍ട്ടികള്‍ അവര്‍ക്ക് ഒപ്പം നിന്നു എന്നു മാത്രം. ജയിച്ച കോഴിക്ക് ജയ് വിളിക്കാന്‍ കാണാന്‍ വന്നവര്‍വരെ കൂട്ടുണ്ടായി- തോറ്റ കോഴിയെ മസാല കൂട്ടിപൊരിച്ചെടുക്കാനും.
ആര്‍ക്കും നിഷ്പ്രയാസം കീഴടക്കാനാവുന്നതല്ല ഈ മണ്ണെന്ന് പറയാം. 1957ലെ പ്രഥമ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമേഷ്‌റാവു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതൊഴിച്ചാല്‍ പതുക്കെപ്പതുക്കെ മണ്ഡലവീര്യം ആവാഹിച്ചെടുക്കുകയായിരുന്നു ഇവിടം. 1960ല്‍ മൊത്തം 62000 വോട്ടുണ്ടായിരുന്ന മണ്ഡലത്തില്‍ കര്‍ണാടക സമിതിയുടെ മഹാബല ഭണ്ഡാരി എതിരാളിയായ രാമപ്പമാസ്റ്ററെ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചടക്കി.
പിന്നീട് നടന്ന 1965ലെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഉത്തരകേരളത്തിലെ ഏറ്റവും ശക്തനായ എം. രാമണ്ണറൈയെ 5000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മഹാബലഭണ്ഡാരിയുടെ കോണ്‍ഗ്രസ് കൈപിടിയിലൊതുക്കി. 1967ല്‍ സി.പി.എമ്മിലെ എം.ആര്‍ റായിയെ പരാജയപ്പെടുത്തി കെ.എം. ഭണ്ഡാരി വിജയിച്ചു. 1970ല്‍ സി.പി.ഐയിലെ എം. രാമപ്പ വിജയിച്ചു. യു.പി. കുനിക്കുല്ലായയെയാണ് പരാജയപ്പെടുത്തിയത്. 1977ലും എം. രാമപ്പക്ക് തന്നെയായിരുന്നു വിജയം. എച്ച്. ശങ്കരആള്‍വ ആയിരുന്നു എതിരാളി.
മുന്നണി സമവാക്യങ്ങളില്‍ മാറ്റം വന്ന തിരഞ്ഞെടുപ്പായിരുന്നു 1980ലേത്. സി.പി.ഐ ഇടതുപക്ഷത്തേക്ക് മാറി. സി.പി.ഐയിലെ ഡോ. സുബ്ബറാവു ഇടത് സ്ഥാനാര്‍ത്ഥി. വലതുപക്ഷത്ത് നവാഗതനായ ചെര്‍ക്കളം അബ്ദുല്ല. പൊരിഞ്ഞപോരാട്ടമെന്ന വാക്ക് ഭംഗിവാക്കല്ലെന്ന് പറയാവുന്ന തിരഞ്ഞെടുപ്പ്. സമ്മതിദായകരുടെ എണ്ണം മുക്കാല്‍ ലക്ഷവും കഴിഞ്ഞ് കുതിക്കാന്‍ തുടങ്ങിയ കാലം. ഫലം വന്നു, വെറും 216 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുബ്ബറാവു എം.എല്‍.എ.യായി. ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ ജലസേചനവകുപ്പ് മന്ത്രിയുമായി. അധികകാലം ആ മന്ത്രിസഭ നിന്നില്ല. പിന്നീട് വന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഒരുവട്ടം കൂടി തോല്‍ക്കാന്‍ മനസ്സില്ലാത്ത ചെര്‍ക്കളം അബ്ദുല്ല 1106 വോട്ടിന് സുബ്ബറാവുവിനെ പരാജയപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ അതൊരു ചതുര്‍കോണമത്സരമായിരുന്നു. ആ തിരഞ്ഞെടുപ്പ് മുതലാണ് സംഘപരിവാര്‍ മഞ്ചേശ്വരത്ത് നിര്‍ണ്ണായശക്തിയായി മാറിയത്. അവര്‍ മൂന്നാം സ്ഥാനത്തെത്തിയത്. സുബ്ബറാവുവിനെക്കാള്‍ വെറും 160 വോട്ട് മാത്രം പിന്നിലായിരുന്നു ബി.ജെ.പിയിലെ ശങ്കരആള്‍വ. ചെര്‍ക്കളത്തെക്കാള്‍ 1266വോട്ടിന്.
1987 ല്‍ ത്രികോണ മത്സരമായിരുന്നെങ്കിലും ശക്തമായ ആധിപത്യത്തിലെത്താന്‍ ചെര്‍ക്കളത്തിന് സാധിച്ചു. ഏഴായിരത്തില്‍പരം വോട്ടിനാണ് ബി.ജെ.പിയുടെ ശങ്കര ആള്‍വയെ പരാജയപ്പെടുത്തിയത്. സുബ്ബറാവു മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എന്നാല്‍ തൊണ്ണൂറ്റി ഒന്നിലെ തിരഞ്ഞെടുപ്പ് ചെര്‍ക്കളത്തിനും യു.ഡി.എഫിനും എളുപ്പമായിരുന്നില്ല. സാക്ഷാല്‍ കെ.ജി. മാരാര്‍ ബി.ജെപിക്കുവേണ്ടി രംഗത്തിറങ്ങി. കേരളത്തിന്റെ തിരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ മാറ്റി എഴുതുമെന്ന് കരുതിയ തിരഞ്ഞെടുപ്പില്‍ ചെര്‍ക്കളം വിജയിച്ചു. ഭൂരിപക്ഷം 1072 വോട്ടുകള്‍ മാത്രം. കെ.ജി. മാരാര്‍ 28000ല്‍പരം വോട്ടാണ് നേടിയത്. പിന്നീട് അല്‍പാല്‍പമായി വോട്ട് വിഹിതവും ഭൂരിപക്ഷവും കൂട്ടാനായ ചെര്‍ക്കളം 2006 വരെ നീണ്ട 19 വര്‍ഷക്കാലം മണ്ഡലം കൈപ്പിടിയിലൊതുക്കി. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി.
2006ലെ തിരഞ്ഞെടുപ്പ് യു.ഡി.എഫിന് പ്രത്യേകിച്ച് മുസ്ലിംലീഗിന് ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത തിരഞ്ഞെടുപ്പാണ്. വന്‍ പരാജയം എങ്ങും നേരിട്ടു. വന്‍ മരങ്ങള്‍ ഓരോന്നായി കടപുഴകി. കൂട്ടത്തില്‍ ചെര്‍ക്കളവും. നവാഗതനായ സി.എച്ച്. കുഞ്ഞമ്പുവിനോടാണ് ചെര്‍ക്കളം തോറ്റത്. എന്നു മാത്രമല്ല ബി.ജെ.പിയുടെ നാരായണ ഭട്ടിനു പിറകില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ചെര്‍ക്കളം.
2011ല്‍ പി.ബി. അബ്ദുല്‍ റസാഖിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് ഒരുങ്ങിയത്. ഗ്രാമപഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലുമൊക്കെ വിജയിച്ച് ശ്രദ്ധേയനായിരുന്ന അബ്ദുല്‍ റസാഖിനെ ആര്‍ക്കും പരിചയപ്പെടുത്തേണ്ടി വന്നില്ല. എല്ലായിടത്തും അദ്ദേഹം സുപരിചിതന്‍. യുവത്വത്തിന്റെ പ്രസരിപ്പോടെ ബി.ജെ.പിയുടെ നാവായി വളര്‍ന്ന കെ. സുരേന്ദ്രനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. അയ്യായിരത്തില്‍പരം വോട്ടുകള്‍ക്ക് അബ്ദുല്‍ റസാഖ് വിജയിച്ചു. സിറ്റിംഗ് എം.എല്‍.എ. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2016ലെ സ്ഥിതി കലുഷിതമായിരുന്നു. മോഡിഫൈ ചെയ്യപ്പെട്ട ബി.ജെ.പി കരുതലോടെ കരുക്കള്‍ നീക്കി. 2011ല്‍ പരാജയപ്പെട്ട സുരേന്ദ്രനെ തന്നെ ഇറക്കി ബി.ജെ.പി. തിരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിച്ചു. അപകടം തിരിച്ചറിഞ്ഞ അബ്ദുല്‍ റസാഖ് തന്റേതായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. കേവലം 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണെങ്കിലും അദ്ദേഹം ജയിച്ച് കയറി.
സ്ഥാനാര്‍ത്ഥിയുടെ മികവാണ് മഞ്ചേശ്വരത്തെ മനസ്സ് കൈയിലാക്കാനുള്ള ഏക പോംവഴിയെന്ന് ഓരോ തിരഞ്ഞെടുപ്പ് വിശകലനം ചെയ്യുമ്പോഴും നമുക്ക് ബോധ്യമാകും. ന്യൂനപക്ഷ സമുദായങ്ങളും ഭാഷാ ന്യൂനപക്ഷങ്ങളും സജീവമായ അന്തര്‍ധാര സൃഷ്ടിക്കുന്ന ഇടവും കൂടിയാണിത്. ജനപ്രിയതയും കഴിവും വികസന, നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മികവും പ്രകടിപ്പിക്കുന്നവര്‍ക്ക് മാത്രമേ മണ്ഡലം ഇനി വഴങ്ങുകയുള്ളൂ എന്ന് സാരം.