കാഞ്ഞങ്ങാട്: മാവുങ്കാല്‍ കേന്ദ്രീകരിച്ച് നടന്ന നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂരിന് പിറകെ കാഞ്ഞങ്ങാട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പിനിരയായ കൊളത്തൂരിലെ രാധാകൃഷ്ണന്റെ ഭാര്യ ശ്രീവിദ്യ(34)യുടെ പരാതിയിലാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. ഇരിയ സ്വദേശികളായ വേണുഗോപാലന്‍, വിനോദ് കുമാര്‍, രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരട്ടി തുക വാഗ്ദാനം ചെയ്ത് തന്നില്‍ നിന്ന് 2,21,000 രൂപ തട്ടിയെടുത്തുവെന്നാണ് ശ്രീവിദ്യയുടെ പരാതിയില്‍ പറയുന്നത്. മാവുങ്കാലിലെ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് സ്ഥാപനത്തിന്റെ മറവിലാണ് മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടന്നത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ കെ. പ്രജീഷ്, ബി. ബാലദാസ്, കെ. സുധീഷ് എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരെ നേരത്തെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു. കെ. പ്രജീഷ്, ബി. ബാലദാസ്, കെ. സുധീഷ് എന്നിവര്‍ അറസ്റ്റിലായെങ്കിലും മറ്റുള്ളവര്‍ ഒളിവിലാണ്. ഇതുസംബന്ധിച്ച് പയ്യന്നൂര്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കാഞ്ഞങ്ങാട്ടും കേസെടുത്തിരിക്കുന്നത്.