തളങ്കര: ‘ഓണനിലാവ്’ ആഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരം സൗഹാര്‍ദ്ദത്തിന്റെ കിക്കോഫായി. തളങ്കര സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളടങ്ങിയ ടീം ചന്ദ്രഗിരിയും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തിലുള്ള ടീം പയസ്വിനിയുമാണ് ഏറ്റുമുട്ടിയത്. ടീം ചന്ദ്രഗിരി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു.
നഗരസഭാ അംഗം മുജീബ് തളങ്കര, സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി റഫീഖ് പടന്ന എന്നിവര്‍ ഗോള്‍ നേടി. അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പി. പ്രശോഭ്, എ.ഡി.എം. എന്‍. ദേവീദാസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.ഹബീബ് റഹ്മാന്‍, വ്യവസായി യഹ്‌യ തളങ്കര, ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണന്‍, കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് സാലിയന്‍, എസ്.ഐ. രാജീവന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഗിരിധര്‍, കലക്‌ടേറ്റിലെ ക്ലര്‍ക്ക് മനോജ് പി., അധ്യാപകന്‍ സുബിന്‍ ജോസ്, കെ.എം. ഹാരിസ്, സിദ്ധീഖ് ചക്കര, ടി.എ. മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, കുഞ്ഞാമു, പര്‍വീസ്, ഹസന്‍ പതിക്കുന്നില്‍ തുടങ്ങിയവര്‍ കളിക്കാനിറങ്ങി. പഴയകാല ഫുട്‌ബോള്‍ താരം കൊച്ചി മമ്മു കളിക്കാരുമായി പരിചയപ്പെട്ടു. ജി.ബി. വത്സന്‍, അഡ്വ. ടി.വി. ഗംഗാധരന്‍, കെ.എസ്. ഗോപാലകൃഷ്ണന്‍, കെ.എം. ഹാരിസ്, എ.എസ്. ശംസുദ്ദീന്‍ പ്രസംഗിച്ചു. ജേതാക്കള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും വെല്‍ഫിറ്റ് ഗ്രൂപ്പിന്റെ ഉപഹാരം ചെയര്‍മാന്‍ യഹ്‌യ തളങ്കര സമ്മാനിച്ചു. സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി റഫീഖ് പടന്ന, നിര്‍വ്വാഹക സമിതി അംഗം സിദ്ധിഖ് ചക്കര എന്നിവരെ ടിഫ തളങ്കര ആദരിച്ചു.