ഉദുമ: അതിര്‍ത്തിലംഘനം ആരോപിച്ച് ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പലില്‍ നിന്ന് മോചിതനായ ഉദുമ കീച്ചലിലെ പൗര്‍ണമിയില്‍ പ്രജിത് നമ്പ്യാര്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുടുംബം ആനന്ദക്കണ്ണീര്‍ പൊഴിച്ചു. ഇറാനിയന്‍ കപ്പലിലെ ആറുമാസത്തെ കരാര്‍ അവസാനിപ്പിച്ച് വ്യാഴാഴ്ചയാണ് പ്രജിത് നാട്ടിലെത്തിയത്. അച്ഛന്‍ പുരുഷോത്തമനും അമ്മ ശ്രീജയും നിറകണ്ണുകളോടെയാണ് പ്രജിതിനെ സ്വീകരിച്ചത്. പ്രജിത് എത്തുന്ന വിവരമറിഞ്ഞ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലെത്തിയിരുന്നു. മംഗളൂരു വിമാനത്താവളം വഴിയാണ് പ്രജിത് നാട്ടിലെത്തിയത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം നിലനില്‍ക്കുന്ന സിറിയയിലേക്ക് അസംസ്‌കൃത എണ്ണയുമായി പോകുകയായിരുന്ന ഇറാനിയന്‍ കപ്പല്‍ ജൂലായ് നാലിന് പുലര്‍ച്ചെയാണ് ബ്രിട്ടീഷ് നാവികസേന ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വെച്ച് പിടികൂടിയത്. കപ്പലിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ക്കൊപ്പം പ്രജിത് നമ്പ്യാരടക്കം മൂന്നുമലയാളികളും ബന്ദിയാക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരുന്നു. ഒരുമാസത്തിന് ശേഷമാണ് ജിബ്രാള്‍ട്ടര്‍ കോടതി കപ്പല്‍ വിട്ടുകൊടുക്കാനും ജീവനക്കാരെ മോചിപ്പിക്കാനും ഉത്തരവിട്ടത്. കപ്പലിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.