കാഞ്ഞങ്ങാട്: കുടുമ്പൂരിലെ കരിപ്പാടകത്തെ കൃഷ്ണന്‍, ബാബു എന്നിവരുടെ തോട്ടത്തില്‍ നിന്ന് 62 നേന്ത്രവാഴകുലകള്‍ മോഷ്ടിച്ച കേസില്‍ 17 കാരനടക്കം മൂന്നുപേരെ രാജപുരം സി.ഐ ബാബു പെരിങ്ങയത്തും സംഘവും അറസ്റ്റ് ചെയ്തു.
കോടോം ചെറക്കരയിലെ രഞ്ജിത്ത് (25), കരിവേടകം ആലത്തിന്‍ താഴയിലെ ധനേഷ്‌കുമാര്‍ (30), മോക്കോടം മയില്‍പാറ കോളനിയിലെ 17 കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഓണത്തിന് വിളവെടുക്കാന്‍ വെച്ച വാഴക്കുലകളായിരുന്നു മോഷ്ടിച്ചത്. പാട്ടെത്തിനെടുത്ത സ്ഥലത്തായിരുന്നു കൃഷി ചെയ്തിരുന്നത്. വാഴക്കുല മോഷണം പോയതോടെ കര്‍ഷകര്‍ വിവിധ ഭാഗങ്ങളിലെ കടകളില്‍ അന്വേഷിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. 10ന് പുലര്‍ച്ചെ രണ്ടുപ്രാവശ്യമായി കാറിലെത്തിയായിരുന്നു വാഴകുഴകള്‍ മോഷ്ടിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മേക്കോടത് പാറപ്രദേശത്ത് കുറ്റിക്കാട്ടിലൊളിപ്പിച്ച ശേഷം പിന്നീട് മാവുങ്കാലില്‍ വില്‍പന നടത്തുകയായിരുന്നുവത്രെ.
കിട്ടിയ പണം കറങ്ങി നടക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കാറില്‍ പെട്രോള്‍ നിറക്കുന്നതിനും ഉപയോഗിച്ചതായി പ്രതികള്‍ മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.