കാഞ്ഞങ്ങാട്: നഗരത്തിന് സമീപത്തെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് മാലിന്യം ഒഴുകുന്നത് സമീപ വാസികള്‍ക്ക് ദുരിതമാകുന്നു. കാഞ്ഞങ്ങാട് നഗരത്തോട് ചേര്‍ന്ന ആവിക്കര ഗാര്‍ഡര്‍ വളപ്പ് റോഡരികിലെ സ്വകാര്യ വ്യക്തിയുടെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നാണ് മാലിന്യം ഒഴുകുന്നത്. ഇവിടെ മാലിന്യം നിറഞ്ഞ് കവിയുന്ന കക്കൂസ് ടാങ്കുകളും തുറന്നു കിടക്കുന്ന മലിനജല ടാങ്കും ദുര്‍ഗന്ധം പരത്തുന്നു. ജനവാസ കേന്ദ്രത്തിലെ മാലിന്യം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക ഉയരുകയാണ്. വര്‍ഷങ്ങളായി ലേഡീസ് ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന ബഹു നിലക്കെട്ടിടം പൊട്ടിപൊളിഞ്ഞ് ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ ഒഴിവാക്കുകയായിരുന്നു. വര്‍ഷങ്ങളോളം അടഞ്ഞു കിടന്ന ഈ കെട്ടിടം മറ്റൊരാള്‍ ലീസിനെടുത്ത് അറ്റകുറ്റ പണിനടത്തി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വന്‍തുക വാടക വാങ്ങി നല്‍കുകയായിരുന്നു. നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ അന്തേവാസികളായി കഴിയുന്നത്. നിറഞ്ഞു കവിഞ്ഞ കക്കൂസ് ടാങ്കില്‍ നിന്ന് സമീപത്തേക്ക് മലിനജലം പരന്നൊഴുകുന്നതിനാല്‍ പരിസരവാസികളും വഴിയാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു. നാലോളം ക്വാര്‍ട്ടേഴ്‌സുകളിലേക്ക് കുടിവെള്ളം ശേഖരിക്കുന്ന കുഴല്‍ കിണറുള്ളത് പൊട്ടിയൊഴുകുന്ന കക്കൂസ് ടാങ്കിന് സമീപത്താണ്. ഇത് സംബന്ധിച്ച് പരിസരവാസികള്‍ നഗരസഭയ്ക്കും മറ്റും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.