കാസര്‍കോട്, ചെമ്മനാട് മേഖലകളില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ പരവനടുക്കം ലേസ്യത്ത് തറവാട്ടിലെ സി.എല്‍. അബ്ദുല്ലയുടെ നിര്യാണം നാടിന് തീരാനഷ്ടമാണ്. പ്രായം 72 കഴിഞ്ഞതിന് ശേഷവും ശിശുസഹജമായ പ്രസരിപ്പും കുസൃതിയും നില നിര്‍ത്താന്‍ കഴിഞ്ഞ വ്യക്തിത്വമായിരുന്നു. നാട്ടില്‍ എന്ത് പ്രതിസന്ധിയുണ്ടായാലും സി.എല്‍ അദ്ദ്ല്ലച്ച ഉണ്ടല്ലൊ എന്ന ആശ്വാസവും ധൈര്യവും ചെമ്മനാട്ടുകാര്‍ക്ക് എന്നും ഉണ്ടായിരുന്നു. ആ ധൈര്യമാണ് കഴിഞ്ഞ രാത്രിയില്‍ അസ്തമിച്ചു പോയത്. പല കാര്യങ്ങളിലും അദ്ദേഹം കാട്ടിയ ധീരത ചെമ്മനാട്ടുകാരുടെ മനസ്സില്‍ ചരിത്രമായി എന്നും നില നില്‍ക്കും. പഴയക്കാലത്ത് മികച്ച വോളിബോള്‍ താരവും കളരി അഭ്യാസക്കാരനുമായിരുന്നു. ചെമ്മനാട്ടുകാരുടെ വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ക്ക് തുടക്കം കുറിച്ചതില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചിരുന്നു. വിശന്നൊട്ടിയ വയറുമായി വരുന്നവര്‍ക്ക് അദ്ദേഹം ഒരു തണലായിരുന്നു.
പാവപ്പെട്ടവരെ സഹായിക്കുന്ന കരുണയുള്ള മനസ്സായിരുന്നു. അദ്ദ്ല്ലച്ചയുടെ മരണവിവരമറിഞ്ഞ് അര്‍ധരാത്രിയിലും ലേസ്യത്ത് തറവാട്ടിലേക്ക് നാടൊന്നായി ഒഴുകിയെത്തി. അദ്ദേഹം മരണത്തിലേക്ക് നടന്നു പോയി എന്നറിഞ്ഞ നാട്ടുകാര്‍ അനുഭവിക്കുന്ന ആ ശൂന്യതയുണ്ടെല്ലൊ അത് പറഞ്ഞറിയിക്കാനാവാത്ത നൊമ്പരമാണ്. എന്നും നാടിന് സ്വീകാര്യമായ നിലപാട് സ്വീകരിച്ച് വിനയവും എളിമയും ഉള്ള് നിറയുന്ന പെരുമാറ്റവും കൊണ്ട് ആരുടെയും മനസ്സ് കവരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
അദ്ദേഹത്തെ പരിചയപ്പെട്ട ഒരാള്‍ക്കും മറക്കാന്‍ കഴിയില്ല. നാടിന്റെ പൊതു വിഷയങ്ങളില്‍ അദ്ദേഹത്തിന് വലിയ അറിവായിരുന്നു. ചെമ്മനാട്ടുകാര്‍ക്ക് സി.എല്‍. അദ്ദ്ല്ലച്ച നല്‍കിയ സംഭാവനയും പിന്തുണയും വിലമതിക്കാനാവത്തതാണ്. എന്റെ നാട്ടുകാരനായ ഡോ: എന്‍.എ മുഹമ്മദിന്റെ സഹോദരി ഭര്‍ത്താവായ സി.എല്‍ അദ്ദ്ല്ലച്ചയെ വ്യക്തിപരമായി ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ രണ്ട് പേരും സംസാര പ്രിയരായിരുന്നു.
നാടിന്റെ പൊതു വിഷയം അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. നാഥന്‍ അദ്ദേഹത്തിന്റെ പരലോകജീവതം ധന്യമാക്കട്ടെ…
ആ തണല്‍ മരവും മാഞ്ഞു
ഓരോ നിമിഷവും കേട്ടു കൊണ്ടിരിക്കുന്നത് നിരവധി മരണവാര്‍ത്തകളാണ്. ഓരോ മരണങ്ങളും വേദനയുണ്ടാക്കുന്നതാണെങ്കിലും നമ്മുടെ ഉറ്റവരുടെ വേര്‍പാടുകള്‍ സമ്മാനിക്കുന്നത് തീരാവേദനയാണ്. നമ്മുടെ മനസിന് സങ്കടക്കടല്‍ നല്‍കിക്കൊണ്ട്, പ്രിയപ്പെട്ട അദുല്ലച്ച എന്ന അദ്‌ലയ്ച്ച ജഗന്നിയന്താവിന്റെ വിളിക്കുത്തരമേകി യാത്രയായി.
നാലപ്പാട് കുടുമ്പത്തിന്റെ മരുമകനായ, ലേസ്യത്ത് തറവാട്ടിലെ മൊയ്തീനുപ്പപ്പയുടെ മകനാണ്. സി.എല്‍ അബ്ദുല്ല എന്ന അദ്‌ലയിച്ച. നിസാറിന്റെയും (സി.എല്‍. നിസാര്‍) ആസിയുടെയും(സി.എല്‍ ആസിഫ്) താഹിറിന്റെയും (സി.എല്‍ താഹിര്‍ നക്കാഷ്) പിരിസപ്പെട്ട ഉപ്പ എന്നതിലുപരി, ലേസ്യത്ത് തറവാട്ടിന്റെ നന്മ മരമായിരുന്നു. ഒരു കാലത്ത്, ഘന ഗാംഭീര്യത്തോടെ നടന്നിരുന്ന നാടിന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങളിലും സന്തോഷത്തിലും ദു:ഖത്തിലും ഭാഗമായിരുന്ന അദ്‌ലയിച്ച, ഹൃദയ സംബന്ധിയായ അസുഖം ബാധിച്ചപ്പോള്‍ പൊതുധാരയില്‍ നിന്ന് മാറി നിന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു. ആ സമയത്തും ചുറ്റുവട്ടങ്ങളിലും ലേസ്യക്കാര്‍ക്കിടയിലും പരവനടുക്കത്തും തന്റെ സാന്നിധ്യമറിയിക്കുകയും വേണ്ട രീതിയില്‍ അറിഞ്ഞ് പെരുമാറുകയും ചെയ്തിരുന്നു.
ഇദംപ്രഥമമായി നടന്ന ലേസ്യത്ത് തറവാട് സംഗമത്തിന്റെ രക്ഷാധികാര സ്ഥാനത്തിരുന്ന് സംഗമം തീരുന്നത് വരെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കയും ചെയ്തിരുന്നു.
തന്റെ മൂത്ത സഹോദരനായ സി.എല്‍ മഹമൂദ് എന്ന ബെലിച്ചയും, ഇളയ സഹോദരന്‍ സി.എല്‍ അബ്ദുര്‍റഹ്മാനെന്ന ഉമ്പുച്ചയും തനിക്ക് മുന്നേ റബ്ബിന്റെ വിളിക്കുത്തരമേകി യാത്രയായപ്പോള്‍ ആ സഹോദര കുടുമ്പങ്ങളുടെ അത്താണി അദ്‌ലയ്ച്ച ആയിരുന്നു.
അറിയപ്പെട്ട പൊതുമരാമത്ത് കോണ്‍ട്രാക്ടറും, വോളിബാള്‍ കോര്‍ട്ടില്‍ സ്മാഷറും ലിഫ്റ്ററുമായി തിളങ്ങിയ താരവും, എന്‍.എ അബ്ദുല്ല കുഞ്ഞി മെമ്മോറിയല്‍ വോളി ടൂര്‍ണമെന്റിന്റെ സംഘാടകനും ഒക്കെയായിരുന്നു അദ്‌ലയിച്ച.
ചന്ദ്രഗിരിപ്പുഴയെ കീറി മുറിച്ച് ചന്ദ്രഗിരിപ്പാലം നിര്‍മ്മാണമാരംഭിച്ചപ്പോള്‍ പട്ടുവക്കാരുടെ കോണ്‍ട്രാക്ടിങ്ങ് കമ്പനിയുടെ ലീഡിങ്ങ് കോണ്‍ട്രാക്ടറായി പാലം പണി പൂര്‍ത്തിയാക്കിയത് അദ്‌ലയ്ച്ചയായിരുന്നു.
പറയാനൊരുപാടുള്ള, എഴുതിത്തീര്‍ക്കാന്‍ പറ്റാത്തത്ര നന്‍മകള്‍ നിറഞ്ഞ ആ നന്‍മ മരം മുറിഞ്ഞ് വീണതോടെ നമുക്ക് നഷ്ടമായത് എന്തെന്ന് വിശദീകരിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു ബന്ധമാണ്. ഹൃദയസംബന്ധിയായ അസുഖ ബാധിതനായിരുന്നുവെങ്കിലും, അവസാന നിമിഷം വരെ ഊര്‍ജ്വസ്വലനായിരുന്ന, നിറഞ്ഞ പുഞ്ചിരിയോടെ എല്ലാരെയും കണ്ടിരുന്ന അദ്‌ലയിച്ച നമുക്ക് നല്‍കിയ സ്‌നേഹ ബന്ധങ്ങളെ ഇനിയും ഊട്ടിയുറപ്പിക്കേണ്ടതും പോഷിപ്പിക്കേണ്ടതും നമ്മുടെ ബാധ്യതയാണ്.