ചെറുപുഴ: പണം വകമാറ്റിയ കേസില്‍ ചെറുപുഴയിലെ ലീഡര്‍ കെ. കരുണാകരന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ റിമാണ്ടിലായതോടെ വിജയിച്ചത് കാസര്‍കോട്ടുകാരനായ ജനപ്രതിനിധി നടത്തിയ നിയമ പോരാട്ടം. കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരിഗ്രാമ പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ടായ ജയിംസ് പന്തമാക്കല്‍ നടത്തിയ ഇടപെടലാണ് ഒടുവില്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരായ കേസിനും അറസ്റ്റിനും വഴിയൊരുക്കിയത്. ട്രസ്റ്റ് ചെയര്‍മാനും കെ.പി.സി.സി നിര്‍വാഹക സമിതി മുന്‍ അംഗവുമായ കെ. കുഞ്ഞി കൃഷ്ണന്‍ നായര്‍, സെക്രട്ടറിയും ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ റോഷി ജോസ്, ട്രഷറര്‍ ടി.വി അബ്ദുല്‍ സലീം, ജോയിന്റ് സെക്രട്ടറിമാരായ ജെ. സെബാസ്റ്റ്യന്‍, സി.ഡി സ്‌കറിയ എന്നിവരെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍മാരായ ജയിംസ് പന്തമാക്കല്‍, വി.പി ദാസന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് തളിപറമ്പ് ഡി.വൈ.എസ്.പി ഓഫീസില്‍ വിളിപ്പിച്ച് ചോദ്യം ചെയ്ത ശേഷം രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജയിംസ് പന്തമാക്കല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോയതിനെ തുടര്‍ന്ന് ഡി.ഡി.എഫ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയുമായിരുന്നു. ട്രസ്റ്റിന്റെ പേരില്‍ പിരിച്ച 46 ലക്ഷം രൂപ ട്രസ്റ്റില്‍ അടക്കാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നാണ് കേസ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി തുടങ്ങാന്‍ പിരിച്ച പണം വകമാറ്റി സ്വകാര്യ കമ്പനിയുണ്ടാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജയിംസ് പന്തമാക്കല്‍ പരാതിക്കാരനും വി.പി ദാസന്‍ പരാതിക്കാരനുമായി പയ്യന്നൂര്‍ കോടതിയില്‍ ഹരജി നല്‍കി. കോടതി നിര്‍ദ്ദേശ പ്രകാരമാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്.