കാസര്‍കോട്: ദേശീയപാത വികസനത്തിന് സ്ഥലവും കെട്ടിടവും ഒഴിഞ്ഞുകൊടുത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ അധികാരികള്‍ അനാസ്ഥ കാണിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. രണ്ടുവര്‍ഷം മുമ്പ് സ്ഥലവും കെട്ടിടവും വിട്ടുകൊടുത്തവര്‍ക്ക് ഇതുവരെയായും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടര്‍ ഓഫീസില്‍ ഉടമകളെ വിളിച്ചുവരുത്തി കെട്ടിടവും സ്ഥലവും ഒഴിയാന്‍ നിര്‍ദേശിച്ച അധികൃതര്‍ എത്രയും വേഗം ഇതിനുള്ള നഷ്ടപരിഹാരവും ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇത് വിശ്വസിച്ച് ദേശീയപാതയോരത്തെ കെട്ടിടം ഒഴിഞ്ഞവരും സ്ഥലം വിട്ടുനല്‍കിയവരും ഏറെയാണ്. എന്നാല്‍ സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും വില ലഭിച്ചില്ലെന്നുമാത്രമല്ല കെട്ടിട വാടകയിനത്തില്‍ ലഭിച്ചുകൊണ്ടിരുന്ന വരുമാനം നിലയ്ക്കുകയും ചെയ്തു. പകരം കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം പറഞ്ഞ് പണം നല്‍കിയവര്‍ വല്ലാത്ത കരുക്കിലാണ് അകപ്പെട്ടത്. വിട്ടുകൊടുത്ത സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും പണം ആവശ്യപ്പെട്ട് കോഴിക്കോട്ടെയും കാസര്‍കോട്ടെയും ഓഫീസുകള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ് സ്ഥലമുടമകളും കെട്ടിട ഉടമകളും എത്തിയിരിക്കുന്നത്. പുനരധിവാസ പാക്കേജ് ഏതുവിധത്തില്‍ നടപ്പാക്കുമെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരൂഹവുമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കാസര്‍കോട്, അടുക്കത്ത്ബയല്‍, കാഞ്ഞങ്ങാട് വില്ലേജുകളില്‍പെട്ടവര്‍ക്ക് അടുത്തിടെ നഷ്ടപരിഹാരതുക അനുവദിച്ചെങ്കിലും പണം നല്‍കുന്നത് ദേശീയപാത അതോറിറ്റി തടയുകയായിരുന്നു. ഏറ്റെടുത്ത സ്ഥലത്തിന് വില നിര്‍ണയിച്ചതില്‍ പാകപ്പിഴകള്‍ വന്നുവെന്ന കാരണത്താലാണ് നഷ്ടപരിഹാരം തടഞ്ഞുവെച്ചത്. ഈ വില്ലേജുകളിലെ ഇരുന്നൂറോളം ഉടമകള്‍ക്ക് 47.38 കോടി രൂപയാണ് അനുവദിച്ചിരുന്നത്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ തുക ഇനിയും കിട്ടാത്ത ഉടമകള്‍ ഇപ്പോള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇതേ വില്ലേജുകളില്‍ നേരത്തെ സ്ഥലം ഏറ്റെടുത്ത് നല്‍കിയ പണം തിരിച്ചുപിടിക്കുമെന്ന സൂചനയും ബന്ധപ്പെട്ടവര്‍ നല്‍കുന്നു. മുന്നൂറോളം ഉടമകള്‍ക്കാണ് നേരത്തെ പണം നല്‍കിയിരുന്നത്. കാസര്‍കോട് ജില്ലയില്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിച്ചത് 2011ലാണ്. ഇതേ സമയത്ത് തന്നെ കേരള അതിര്‍ത്തിക്ക് സമീപം സ്ഥലമെടുപ്പ് നടപടികള്‍ തുടങ്ങിയ കര്‍ണാടക തലപ്പാടിയില്‍ മൂന്നുവര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകുകയും ചെയ്തു.