പയ്യന്നൂര്‍: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാവുങ്കാല്‍ കേന്ദ്രീകരിച്ച് നടന്ന നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് തട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്ന കാഞ്ഞങ്ങാട് സ്വദേശികളായ മൂന്നുപ്രതികളെ കോടതി പയ്യന്നൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. കാഞ്ഞങ്ങാടിനടുത്ത ഇരിയയിലെ പി. പ്രജീഷ്, പി. ബാലദാസ്, രാവണേശ്വരത്തെ എന്‍. സുധീഷ് എന്നിവരെയാണ് പയ്യന്നൂര്‍ കോടതി മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് പയ്യന്നൂര്‍ എസ്.ഐ ശ്രീജിത് കൊടേരി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. പ്രതികള്‍ മൂന്നുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മലേഷ്യ അടക്കമുള്ള വിദേശരാജ്യങ്ങളിലെ കമ്പനികളുമായി പ്രതികളെ ബന്ധപ്പെടുത്തിയ സംഘത്തെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ ഇവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കേസിലെ മുഖ്യപ്രതികളായ കെ.വേണുഗോപാലും കെ. സുധീഷും ഒളിവില്‍ കഴിയുകയാണ്. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് തട്ടിപ്പിനായി ഉണ്ടാക്കിയ വാട്‌സ് ആപ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് ഒട്ടേറെ തെളിവുകള്‍ ലഭിച്ചു. കൂടുതല്‍ പേരാണ് പരാതികളുമായി രംഗത്തുവരുന്നത്.