കാസര്‍കോട്: സംസ്ഥാനത്തെ വൈദ്യുതി വകുപ്പിലേത് ഏറ്റവും വലിയ തീവെട്ടികൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഡി.സി.സി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി ഉപയോഗിച്ചുള്ള പദ്ധതിയില്‍ വ്യാപക അഴിമതിയാണ് നടക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്ക് ഫണ്ട് കണ്ടെത്തുന്നതിനാണ് വ്യാപകമായി അഴിമതി നടത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു.
കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡിന് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നുവെന്ന തന്റെ ആരോപണത്തെ കെ.എസ്.ഇ.ബി ഫലത്തില്‍ അംഗീകരിക്കുകയാണ്. അതാണ് അവര്‍ ഇറക്കിയ പത്രകുറിപ്പിലൂടെ മനസ്സിലാവുന്നത്. തന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. ലാവ്‌ലിന്‍ കേസ് അടുത്ത മാസം പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രി അങ്കലാപ്പിലായതെന്നും ചെന്നിത്തല പറഞ്ഞു.