വിദ്യാനഗര്‍: ഓണക്കാല വിലക്കയറ്റം തടയുന്നതും വിപണിയിലെ ശക്തമായ ഇടപെടലും ലക്ഷ്യമിട്ട് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ നടത്തിയ ചന്തകള്‍ വഴി ഇക്കുറി റെക്കോഡ് വില്‍പന. 6,96,13,670 രൂപയുടെ സാധനങ്ങളാണ് ഓണചന്തകള്‍ വഴി വില്‍പന നടത്തിയത്. മുന്‍ വര്‍ഷം ഇത് 5,50,35, 429 രൂപയായിരുന്നു.
ജില്ലയില്‍ 150 പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ 211 ചന്തകളാണ് തുറന്നിരുന്നത്.
സപ്തംബര്‍ മൂന്ന് മുതല്‍ 11 വരെയായിരുന്നു ചന്തകള്‍ പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ സബ്‌സിഡി നല്‍കി കണ്‍സ്യൂമര്‍ഫെഡ് വഴിയാണ് നിത്യോപയോഗ സാധനങ്ങള്‍ സംഘങ്ങള്‍ക്ക് നല്‍കിയത്.
പലയിടങ്ങളിലും സാധനങ്ങള്‍ 11ന് മുമ്പ് തന്നെ പൂര്‍ണ്ണമായും വില്‍പന നടത്തിയിരുന്നു. മലയോരമേഖലകളില്‍ ഉള്‍പ്പെടെ ചന്തകളില്‍ ഇക്കുറി വലിയ തിരക്കും അനുഭവപ്പെട്ടിരുന്നു.
വിപണി വിലയെക്കാള്‍ 20 ശതമാനം മുതല്‍ 50 ശതമാനം വരെ വിലകുറവിലാണ് സഹകരണ ചന്തകള്‍വഴി സാധനങ്ങള്‍ നല്‍കിയത്. റേഷന്‍ കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരിയും ഒരു ലിറ്റര്‍ വെളിച്ചണ്ണയും ഒരു കിലോ പഞ്ചസാരയും ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ, മുളക്, മല്ലി തുടങ്ങിയ സാധനങ്ങള്‍ അര കിലോ വീതവുമാണ് സബ്‌സിഡി നിരക്കില്‍ നല്‍കിയത്.
ഇതു കൂടാതെ ചെറുപരിപ്പ്, പിരിയന്‍ മുളക്, ആട്ട, മൈദ, റവ, ചായ, കടുക്, ജീരകം, ഗ്രീന്‍പീസ് തുടങ്ങി മറ്റ് എല്ലാവിധ സാധനങ്ങളും സഹകരണ സ്ഥാപനങ്ങളായ റെയ്ഡ്‌കോയുടെയും ദിനേശിന്റെയും കറിപൗഡര്‍ ഉള്‍പ്പെടെയുള്ളവയും വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കിയിരുന്നു. ഏറെ ഗുണമേന്മയുള്ള സാധനങ്ങളാണ് ചന്തകള്‍ വഴി വില്‍പന നടത്തിയത്.
കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബും ജില്ലയിലെ ഓണവിപണിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയിരുന്നു.
സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ വി.മുഹമ്മദ് നൗഷാദ്, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ കെ.മുരളീധരന്‍, കെ.ജയചന്ദ്രന്‍, കെ.രാജഗോപാലന്‍, വി.ചന്ദ്രന്‍, വി.ടി.തോമസ്, കണ്‍സ്യൂമര്‍ഫെഡ് ഭരണ സമിതി അംഗം വി.കെ.രാജന്‍, കണ്‍സ്യൂമര്‍ഫെഡ് മാനേജര്‍ പി.വി. ശൈലേഷ് ബാബു തുടങ്ങിയവരും ജില്ലയിലെ സഹകരണ ഓണം വിപണികള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു.