ഹൊസങ്കടി: ഹൊസങ്കടിയിലെയും ബന്തിയോട്ടെയും റോഡരികിലെ മീന്‍ വില്‍പന നാട്ടുകാര്‍ക്ക് ദുരിതമായി മാറുന്നു. രണ്ടിടങ്ങളിലും റോഡരികില്‍ മീന്‍വില്‍പന നടത്തുന്നത് കാരണം കാല്‍നട യാത്രക്കാര്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും വലിയ ദുരിതമായിരിക്കുകയാണ്. ബന്തിയോട് ടൗണിന്റെ ഹൃദയഭാഗത്തും ഹൊസങ്കടിയില്‍ ആനക്കല്ല് റോഡിലുമാണ് മീന്‍വില്‍പന.
റോഡരികില്‍ ഐസ് വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇവിടെ കൊതുക് ശല്യം ഏറി വരുന്നതും ദുര്‍ഗന്ധം വമിക്കുന്നതും കാരണം കച്ചവടം ചെയ്യാനാവുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. രണ്ട് സ്ഥലങ്ങളിലും മീന്‍വില്‍ക്കാന്‍ മാര്‍ക്കറ്റുണ്ടെങ്കിലും അതിനകത്ത് കച്ചവടം ചെയ്യാതെ ചിലര്‍ റോഡരികില്‍ വെച്ച് മീന്‍ വില്‍ക്കുന്നതാണ് ദുരിതമുണ്ടാക്കുന്നത്. റോഡരികില്‍ മീന്‍ വില്‍ക്കുന്നത് കാരണം മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് കച്ചവടം കുറയുന്നതായി അവര്‍ പറയുന്നു.
മീന്‍ വില്‍ക്കുന്നതിനെ ചൊല്ലി തമ്മില്‍ വാക്കേറ്റവും പതിവാണ്. റോഡരികിലെ വില്‍പനക്കാര്‍ക്കെതിരെ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഇവിടത്തെ ചിലര്‍.