കാസര്‍കോട്: നഗരത്തിലെ ഓവുചാലുകളിലേക്ക് വ്യാപകമായി ലോഡ്ജുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മലിനജലം ഒഴുക്കിവിടുന്നതായി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം എയര്‍ലൈന്‍സ് ജംഗ്ഷനിലെ ഓവുചാലില്‍ നിന്ന് മഴവെള്ളത്തിനൊപ്പം മലിനജലം റോഡിലേക്ക് ഒഴുകിയിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വ്യാപാരികളും പരിസരവാസികളും നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഓവുചാലുകളിലേക്ക് രഹസ്യമായി പൈപ്പുകള്‍ സ്ഥാപിച്ച് കക്കുസില്‍ നിന്നടക്കമുള്ള മാലിന്യങ്ങള്‍ തുറന്ന് വിട്ടതായി കണ്ടെത്തിയത്. എയര്‍ലൈന്‍സ് ജംഗ്ഷന്‍ മുതല്‍ ഹെഡ്‌പോസ്റ്റോഫീസ് വരെയുള്ള സ്ഥലങ്ങളിലായിരുന്നു പരിശോധന. ഓവുചാലുകളിലെ സ്ലാബുകള്‍ നീക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇത് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിരുന്നുവെന്ന് കണ്ടെത്തി. ഓവുചാലുകളിലെ വിടവുകളില്‍ കൂടി പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ തള്ളുന്നത് കാരണം മഴവെള്ളം ഒലിച്ച് പോകാതെ റോഡിലേക്ക് ഒഴുകാനിടയാകുന്നുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഓവുചാലുകളിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍-ലോഡ്ജ് അധികൃതര്‍ക്കെതിരെ നോട്ടീസ് നല്‍കിയതായും ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.