കുറ്റിക്കോല്‍: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണ ജോലികള്‍ നടന്നുവരുന്ന തെക്കില്‍-ആലട്ടി റോഡില്‍ കുറ്റിക്കോല്‍ മുതല്‍ പള്ളത്തിങ്കാല്‍ വരെയുള്ള വലിയ കയറ്റവും വളവും കുറക്കാതെ പ്രവര്‍ത്തികള്‍ നടക്കുന്നതായി ആരോപിച്ച് സി.പി.എം പ്രാദേശിക നേതൃത്വം രംഗത്ത്. റോഡ് നവീകരണ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടെന്നാരോപിച്ച് സി.പി.എം കളക്കര ഒന്ന് ബ്രാഞ്ചംഗമാണ് രംഗത്ത് വന്നത്. കയറ്റവും വളവും ഇല്ലാതാക്കി റോഡ് നവീകരണ ജോലികള്‍ ഏറ്റെടുത്ത് നടത്തുമെന്ന് കുറ്റിക്കോല്‍ പഞ്ചായത്താഫീസില്‍ നടന്ന നാട്ടുകാര്‍ ഉള്‍പെട്ട യോഗത്തില്‍ വെച്ച് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം നടപ്പിലാക്കാതെ പെട്ടെന്ന് തന്നെ പണി പൂര്‍ത്തിയാക്കാനാണ് കരാറുകാരന്‍ ശ്രമിക്കുന്നത്. കയറ്റവും വളവും കുറക്കാന്‍ അനുയോജ്യമായ സാഹചര്യവും വ്യവസ്ഥകളും ഉണ്ടായിട്ടും അവ അംഗീകരിക്കാതെയാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്. വളരെ കുത്തനെയുള്ള കയറ്റമായതിനാല്‍ ഇതു വഴി വരുന്ന വാഹനങ്ങള്‍ കയറ്റം കയറാനാവാതെ സ്ഥിരമായി റോഡ് തടസ്സപ്പെടുന്ന അവസ്ഥയാണുള്ളത്. കുറ്റിക്കോല്‍ മുതല്‍ പള്ളത്തിങ്കാല്‍ വരെയുള്ള കയറ്റവും വളവും കുറച്ച് റോഡ് നിര്‍മ്മാണം സുതാര്യമാക്കണമെന്ന് സി.പി.എം കളക്കര ഒന്ന് ബ്രാഞ്ച് യോഗം ആവശ്യപെട്ടു. എം.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എം.കുഞ്ഞമ്പു, ജയന്‍ കളക്കര, കെ.രാഘവന്‍ നായര്‍, പി.കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു. ഇത് സംബന്ധിച്ച് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി.