കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടി കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതി സുധീഷിന്റെ ജാമ്യാപേക്ഷയില്‍ ഹാജരാകുന്നതിനായി പ്രമുഖ അഭിഭാഷകന്‍ അഡ്വ.ആളൂര്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലെത്തി. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അംഗരക്ഷകര്‍ക്കൊപ്പം ആളൂര്‍ കോടതിയിലെത്തിയത്. കേരളം നടുക്കിയ ഇരട്ട കൊലപാതകത്തിലെ പ്രതിക്ക് വേണ്ടി ആളൂര്‍ ഹാജരായാല്‍ തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുമെന്ന് പ്രചാരണം ഉയര്‍ന്നിരുന്നു. എന്നാല്‍ തടയാന്‍ ആരും കോടതിയില്‍ വന്നില്ല. സുധീഷിന്റെ ജാമ്യാപേക്ഷ 12ാമത്തെ കേസായാണ് കോടതി പരിഗണിക്കുന്നത്.
നേരത്തെ ഈ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ആളൂരിന് മുംബൈയില്‍ ഒരു സുപ്രധാന കേസില്‍ സംബന്ധിക്കുന്നതുകൊണ്ട് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റണമെന്ന് ആളൂരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നത്. കേസിലെ മുഖ്യ പ്രതിയടക്കമുള്ളവരുടെ വക്കാലത്തും ആളൂര്‍ ഏറ്റെടുക്കാനുള്ള സാധ്യതയുണ്ടെന്ന് നിയമ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം വന്‍ തുക മുടക്കി പ്രതികള്‍ക്ക് നിയമ സഹായം നല്‍കാന്‍ ആളൂരിനെ രംഗത്തിറക്കിയത് ആരാണെന്ന് വ്യക്തമായിട്ടില്ല.