കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോ പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട നിലയില്‍. ഡിപ്പോയുടെ കിഴക്കുഭാഗത്താണ് പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പ്ലാസ്റ്റിക് മാലിന്യം കുറച്ചുകാലത്തിന് ശേഷം മണ്ണില്‍ അലിഞ്ഞുചേരുന്നത് ആരോഗ്യത്തിന് ഭീഷണിയുമാണ്. കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പ്ലാസ്റ്റിക് കൂമ്പാരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരും യാത്രക്കാരും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന കുടിവെള്ളബോട്ടിലുകളാണ് ഇതിലേറെയും. സ്റ്റാന്റില്‍ നിന്നും ശേഖരിക്കുന്ന ബോട്ടിലുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ കൂട്ടിയിടുകയാണ് ചെയ്യുന്നത്. അറ്റകുറ്റപ്പണികള്‍ക്കായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാറ്റിയിടുന്ന ഭാഗത്താണ് പ്ലാസ്റ്റിക് മാലിന്യവുമുള്ളത്. അതോടൊപ്പം ഭക്ഷണാവശിഷ്ടങ്ങളുമുണ്ട്. ഇത് ഭക്ഷിക്കാന്‍ തെരുവുനായ്ക്കളും ഇവിടെ കൂട്ടംകൂടിയെത്തുന്നത് പതിവുകാഴ്ചയാണ്. ഡിപ്പോയിലെ വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍ പെട്ടിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് പിന്‍വശത്തുകൂടി എത്തുന്നവര്‍ക്കുള്ള വഴി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്ന സ്ഥലത്തിന് സമീപമാണ്. വഴിയില്‍ പൊട്ടിയ പ്ലാസ്റ്റിക് ചീളുകള്‍ ചിതറിക്കിടക്കുന്നുണ്ട്. സൂക്ഷിച്ച് നടന്നുപോയില്ലെങ്കില്‍ കാല്‍നടയാത്രക്കാരുടെ കാലില്‍ മുറിവേല്‍ക്കും.