കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് ലിസിക്കെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചൊവ്വാഴ്ച ചര്‍ച്ച ചെയ്യാനിരിക്കെ മറുതന്ത്രവുമായി കോണ്‍ഗ്രസ്. സി.പി.എം പ്രതിനിധിയായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഗോപിനാഥിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ജോസ് പറത്തട്ടേല്‍ നല്‍കിയ നോട്ടീസിന് സുനീഷ് പിന്തുണ നല്‍കി. പഞ്ചായത്ത് പ്രസിഡന്റിനെതിരായ സി.പി.എം അവിശ്വാസം പാസാകണമെങ്കില്‍ ബി.ജെ.പിയുടെ കൂടി പിന്തുണ ആവശ്യമാണ്. എന്നാല്‍ ബി.ജെ.പി ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് വിമതയായി മത്സരിച്ചാണ് ലിസി പഞ്ചായത്ത് പ്രസിഡണ്ടായത്. വൈസ് പ്രസിഡണ്ടായിരുന്ന ബി.ജെ.പിയിലെ തൊടുപ്പനം ദാമോദരനെ അവിശ്വാസത്തിലൂടെ പുറത്താക്കിയാണ് സി.പി.എമ്മിലെ ഗോപിനാഥ് വൈസ് പ്രസിഡണ്ടായത്.